18 September, 2024 06:56:01 PM
പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി തൃശ്ശൂർ വെള്ളറക്കാട് തോന്നല്ലൂർ പുതുമന ഇല്ലത്ത് ശ്രീജിത്ത് നമ്പൂതിരി (36) തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ ഒന്നുമുതൽ ആറു മാസത്തേക്കാണ് നിയമനം. ഇന്ന് ഉച്ചപൂജ കഴിഞ്ഞ് ക്ഷേത്രം നാലമ്പലത്തിലെ നമസ്കാര മണ്ഡപത്തിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിയെ തെരഞ്ഞെടുത്തത്. 16 വർഷമായി വേലൂർ കുറൂരമ്മ കൃഷ്ണ ക്ഷേത്രത്തിൽ മേൽശാന്തിയാണ് ശ്രീജിത്ത് നമ്പൂതിരി.
ദേവസ്വം ഭരണ സമിതി മുന്‍പാകെ നടന്ന അഭിമുഖത്തില്‍ യോഗ്യരെന്ന് കണ്ടെത്തിയ 42 അപേക്ഷകരുടെ പേരുകള്‍ വെള്ളി കുടത്തില്‍ നിക്ഷേപിച്ചു. ക്ഷേത്രം തന്ത്രി പിസി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നടന്ന നറുക്കെടുപ്പില്‍ നിലവിലെ മേല്‍ശാന്തി പളളിശേരി മനയ്ക്കല്‍ മധുസൂദനന്‍ നമ്പൂതിരി നറുക്കെടുത്തു. ദേവസ്വം ചെയര്‍മാന്‍ ഡോ.വികെ വിജയന്‍, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്, വി ജി രവീന്ദ്രന്‍,മനോജ് ബി നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. 55 അപേക്ഷകരില്‍ 4 പേര്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയില്ല. 9 പേര്‍ കൂടിക്കാഴ്ചയില്‍ അയോഗ്യരായി.
36 കാരനായ നിയുക്ത മേല്‍ശാന്തി ശ്രീജിത്ത് നമ്പൂതിരി തൃശൂര്‍ തോന്നല്ലൂര്‍ സ്വദേശിയാണ്.എട്ടാം തവണയാണ് ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി നറുക്കെടുപ്പില്‍ ഉള്‍പ്പെടുന്നത് . ബികോം ബിരുദധാരിയാണ്. പുതുമന മന പരമേശ്വരന്‍ നമ്പൂതിരിയുടെയും ആലമ്പിള്ളി സാവിത്രി അന്തര്‍ജ്ജനത്തിന്റെയും മകനാണ്. പുതുരുത്തി കിണറ്റാമിറ്റം മന കൃഷ്ണശ്രീയാണ് പത്‌നി . രണ്ടു മക്കള്‍ .മകള്‍ ആരാധ്യ എരുമപ്പെട്ടി ഗവ.എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി. രണ്ടര വയസ്സുകാരന്‍ ഋഗ്വേദാണ് മകന്‍.