23 September, 2024 06:18:28 PM
തിരുപ്പതി ലഡ്ഡു വിവാദം: തിരുമല ക്ഷേത്രത്തിൽ ശുദ്ധികലശം
തിരുപ്പതി: തിരുപ്പതിയിലെ തിരുമല കുന്നിൽ സ്ഥിതി ചെയ്യുന്ന ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ശുദ്ധീകരിച്ചു. രാവിലെ ആറുമുതൽ 10 മണി വരെ നാലുമണിക്കൂർ നീണ്ട ശുദ്ധീകരണ പ്രക്രിയയാണ് ക്ഷേത്രത്തിൽ നടന്നത്. വൈ.എസ്.ആർ. സി.പി സർക്കാറിന്റെ കാലത്ത് നടന്ന ദോഷകാര്യങ്ങൾ ശുദ്ധികലശത്തിലൂടെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം വച്ചത്.
ഇവിടെ പ്രസാദമായി നൽകുന്ന ലഡ്ഡു നിർമിച്ചത് പശുവിന്റെയും പന്നിയുടെയും കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചാണെന്ന വിവാദങ്ങൾക്കിടെയാണീ ശുദ്ധി കലശം നടത്തിയത്. ലഡ്ഡു ഗുജറാത്തിലെ ലാബിൽ പരിശോധിച്ചപ്പോൾ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ക്ഷേത്രത്തിലെ എക്സിക്യുട്ടീവ് ഓഫിസർ ജെ. ശ്യാമള റാവുവും സ്ഥിരീകരിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിനാണ് വൈ.എസ്.ആർ.സി.പി സർക്കാറിന്റെ കാലത്ത് ക്ഷേത്രത്തിൽ വിതരണം ചെയ്ത ലഡ്ഡു നിർമിച്ചത് മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചാണെന്ന ആരോപണവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്തുവരുന്നത്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കുമെന്നും ആന്ധ്പ്രദേശ് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചു.