08 February, 2024 02:40:52 PM


ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ കൊടിയേറ്റ് 11ന്; ഏഴരപ്പൊന്നാന ദർശനം 18ന്



ഏറ്റുമാനൂർ: ഏറ്റുമാനൂരില്‍ ഇനി ഉത്സവകാലം. മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ഫെബ്രുവരി 11ന് കൊടിയേറും. രാവിലെ 8.57നും 9.50നും മധ്യേ തന്ത്രിമുഖ്യൻ ചെങ്ങന്നൂർ താഴമൺമഠത്തിൽ കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ മുഖ്യകാർമികത്വത്തിലും മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷിന്‍റെ സഹകാർമികത്വത്തിലും കൊടിയേറ്റ് നടക്കും. പ്രസിദ്ധമായ ഏഴരപ്പൊന്നാനദർശനം 18ന് നടക്കും.10 നാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് ഫെബ്രുവരി 20ന് ആറാട്ടോടെ കൊടിയിറങ്ങും. 

കൊടിയേറ്റിന് പിന്നാലെ 10 മണിക്ക് പുനര്‍നിര്‍മിച്ച വലിയതിടമ്പിന്‍റെ സമര്‍പ്പണം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത് നിര്‍വഹിക്കും. ബോര്‍ഡ് അംഗം ജി.സുന്ദരേശന്‍ അധ്യക്ഷത വഹിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാതാരം മനോജ്‌ കെ. ജയൻ നിർവഹിക്കും. തുടര്‍ന്ന് ഭക്തിഗാനമേള, ഓട്ടന്‍തുള്ളല്‍, പുള്ളുവന്‍പാട്ട്, ഭജന, പാഠകം, സംഗീതസദസ്, തിരുവാതിര, ഡാന്‍സ്എന്നിവ നടക്കും. രണ്ട് മുതൽ ഒൻപതാം ഉത്സവം വരെ ഉച്ചയ്ക്ക് ഉത്സവബലിയും തുടര്‍ന്ന് ഉത്സവബലി ദർശനവും വൈകിട്ട് കാഴ്ചശ്രീബലി, വേല, സേവ എന്നിവയും നടക്കും.  

രണ്ടാം ദിവസമായ 12-ാം തീയതി രാവിലെ മുതല്‍ വിവിധകലാപരിപാടികള്‍, രാത്രി 8.30ന് ശങ്കരാഭരണം, 12ന് കൊടികീഴിൽ വിളക്ക് മൂന്നാം ദിവസമായ 13-ാം തീയതി രാവിലെ മുതല്‍ വിവിധകലാപരിപാടികള്‍, രാത്രി 9.45ന് കഥകളി - നളചരിതം ഒന്നാം ദിവസം, ബാലിവധം (പി.എസ്.വി നാട്യസംഘം, കോട്ടയ്ക്കല്‍), നാലാം ദിവസമായ ദിവസമായ 14-ാം തീയതി രാവിലെ മുതല്‍ വിവിധകലാപരിപാടികള്‍, 11ന് തുള്ളല്‍ത്രയം, രാത്രി 9.30ന് കഥകളി - കുചേലവൃത്തം, ദക്ഷയാഗം (പി.എസ്.വി നാട്യസംഘം, കോട്ടയ്ക്കല്‍), അഞ്ചാം ദിവസമായ ദിവസമായ 15-ാം തീയതി രാവിലെ മുതല്‍ വിവിധകലാപരിപാടികള്‍, 10.30ന് ശീതങ്കന്‍തുള്ളല്‍, രാത്രി 9.30ന് കഥകളി (ഊര്‍മിള, സന്താനഗോപാലം, കിരാതം) എന്നിവയാണ് പ്രധാന പരിപാടികള്‍.

ആറാം ദിവസമായ 16-ാം തീയതി രാവിലെ ഓട്ടന്‍തുളളല്‍, വൈകുന്നേരം താലപ്പൊലി സമര്‍പ്പണം.  രാത്രി 9 ന് വയലിന്‍ സോളോ,  രാത്രി 10.30ന് ചലച്ചിത്ര പിന്നണി ഗായകന്‍ പ്രശാന്ത് പുതുക്കരിയും ഫ്ളവേഴ്സ് ടിവി ടോപ്പ് സിംഗര്‍ വൈഗാലക്ഷമിയും നയിക്കുന്ന ഭക്തിഗാനമേള, ഏഴാം ദിവസമായ 17-ാം തീയതി രാവിലെ ഓട്ടന്‍തുളളല്‍, വൈകുന്നേരം  താലപ്പൊലി സമര്‍പ്പണം, രാത്രി കഥാപ്രസംഗം, ഭക്തിഗാനമേള, നൃത്തനാടകം എന്നിവ നടക്കും.

എട്ടാം ദിവസമായ 18-ാം തീയതി പത്മശ്രീ ജയറാമും നൂറിലധികം കലാകാരന്മാരും ചേർന്ന് അവതരിപ്പിക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളവും ഉച്ചക്ക് തുളളല്‍ത്രയം, വൈകുന്നേരം താലപ്പൊലി സമര്‍പ്പണം (എസ്.എന്‍.ഡി.പി. ഏറ്റുമാനൂര്‍), അയ്മ്പൊലി സമര്‍പ്പണം ശ്രീമാരിയമ്മന്‍ ട്രസ്റ്റ് ഏറ്റുമാനൂര്‍, രാത്രി ക്ലാസിക്കല്‍ ഡാന്‍സ് പ്രശസ്ത സിനിമാതാരം ദുര്‍ഗ കൃഷ്ണയും സംഘവും, രാത്രി 11 മുതൽ ആസ്ഥാനമണ്ഡപത്തിൽ ഏഴരപ്പൊന്നാന ദർശനം, വലിയകാണിക്ക എന്നിവ ഉണ്ടായിരിക്കും. പുലർച്ചെ രണ്ട് മുതലാണ് വലിയവിളക്ക്.

ഒൻപതാം ദിവസമായ 19-ാം തീയതി രാവിലെ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സംഘവും നയിക്കുന്ന മേജര്‍സെറ്റ് പഞ്ചാരിമേളം, കുടമാറ്റം,ഓട്ടന്‍തുളളല്‍ രാത്രി ന് പ്രശസ്ത സിനിമ പിന്നണി ഗായകന്‍ മധു ബാലകൃഷ്ണനും ചിത്ര അരുണും സംഘവും  നയിക്കുന്ന ഭക്തിഗാനമേള, കുടമാറ്റം സമര്‍പ്പണം. രാത്രി 12ന് മൈതാനത്തെ പള്ളിനായാട്ട് നടക്കും.

പത്താം ദിവസമായ 20-ാം തീയതി ഉച്ചയ്ക്ക് 12 മണിക്കാണ് ആറാട്ടിനുള്ള പുറപ്പാട് നടക്കുക. സന്ധ്യയ്ക്ക് പേരൂർക്കാവിൽ സ്വീകരണം നൽകും. രാത്രി ഒൻപതു മണിയോടെ പേരൂർ പൂവത്തുമൂട് കടവിലാണ് തിരുആറാട്ട്. 10 മണിക്ക് ആറാട്ടുകടവിൽ നിന്ന് തിരിച്ചെഴുന്നെള്ളിപ്പ് നടക്കും. ഒരുമണിക്ക് ചാലക്കൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇറക്കി പൂജ നടക്കും.

പുലർച്ചെ മൂന്നുമണിയോടെ  ഏറ്റുമാനൂർ- പേരൂർ റോഡിലെ ആറാട്ട് എതിരേൽപ്പ് മണ്ഡപത്തിൽ ഏഴരപ്പൊന്നാനകളുടെ അകമ്പടിയോടെ ആറാട്ട് എതിരേൽപ്പ് നടക്കും. നാലുമണിയോടെ അകത്തെഴുന്നള്ളിച്ച് അഞ്ചുമണിയോടുകൂടി കൊടിയിറക്ക് നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K