08 December, 2023 08:42:30 PM


ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പ്: നിര്‍ദേശങ്ങളുമായി ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി

- പി.എം.മുകുന്ദന്‍



കൊച്ചി : ആനക്കമ്പക്കാർക്കും. ഉത്സവപ്രേമികൾക്കും വാദ്യപ്രേമികൾക്കുമെല്ലാം ഇനി ഉത്സവക്കാലം. അതേസമയം, തൃക്കാക്കര മുതൽ പെരുവാരം വരെ എന്നറിയപ്പെടുന്ന എറണാകുളം ജില്ലയിലെ ക്ഷേത്രോത്സവങ്ങളിൽ ആനകളെ എഴുന്നള്ളിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നിർദേശങ്ങളുമായി ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി രംഗത്തെത്തി. ആനകളുടെ എണ്ണക്കുറവും ഏക്കം ഗണ്യമായി വർധിച്ചതും പല ഉത്സവ കമ്മിറ്റികളേയും പ്രതികൂലമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്.

തൃക്കാക്കര ക്ഷേത്രത്തിലെ തിരുവോണ ഉത്സവമാണ് ആദ്യത്തേതെങ്കിലും ജില്ലയിൽ തുടർച്ചയായി ഉത്സവങ്ങൾ ആരംഭിക്കുന്നത് തൃപ്പൂണിത്തുറയിൽ പൂർണ്ണത്രയീശന്‍റെ വൃശ്ചികോത്സവത്തോടെയാണ്. ഇത് മെയ് മാസത്തിൽ പറവൂർ പെരുവാരം ക്ഷേത്രത്തിലെ ഉത്സവം വരെ നീളുന്നു. ഈ അഞ്ച് മാസത്തിനകം ഏകദേശം 700 ക്ഷേത്രങ്ങളിലാണ് ആനകളെ ഉപയോഗിച്ചുള്ള ഉത്സവം നടക്കുന്നത്. എന്നാൽ എറണാകുളം ജില്ലയിൽ കേവലം 7 ആനകൾ മാത്രമേ നിലവിലുള്ളു. ആയതിനാൽ മറ്റ് ജില്ലകളിൽ നിന്നും ആനകളെ കൊണ്ടുവരുവാനുള്ള ഓട്ടത്തിലാണ് ഭൂരിഭാഗം ഉത്സവകമ്മിറ്റികളും. 

വാദ്യകലാകാരൻമാർ, ക്ഷേത്രകലാകാരൻമാർ. ആനപ്പുറം കയറുന്നവർ, അണിയറ പ്രവർത്തകർ, ലൈറ്റ് & സൗണ്ട് വർക്കർമാർ, സ്റ്റേജ് ആർട്ടിസ്റ്റുകൾ, പന്തൽ അലങ്കാരതൊഴിലാളികൾ, കരിമരുന്നുതൊഴിലാളി കൾ, കച്ചവടക്കാർ തുടങ്ങിയവരെല്ലാം ഒരുങ്ങിക്കഴിഞ്ഞെങ്കിലും ആനകളെ ഇനിയും ലഭിക്കാത്ത ക്ഷേത്രങ്ങളുമുണ്ട്. ഇതിനിടെയാണ് ആന എഴുന്നള്ളിപ്പ് സുഖകരമാക്കുവാനുള്ള നിർദ്ദേശങ്ങളുമായി ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി രംഗത്തെത്തിയത്. 

എറണാകുളം ജില്ലയിലെ ആനയെഴുന്നള്ളിപ്പുമായി താഴെ പറയുന്ന നിര്‍ദേശങ്ങള്‍ ഉത്സവ കമ്മിറ്റികൾ നിർബന്ധമായും പാലിക്കണമെന്ന് ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റി ജില്ല പ്രസിഡന്‍റ് എച്ച്. വരാഹൻ സ്വാമി, സെക്രട്ടറി സജീഷ് കെ.ആർ എന്നിവർ അറിയിച്ചു.

>  2012 ലെ നാട്ടാന പരിപാലന ചട്ടം പൂർണമായി പാലിക്കണം.

>  ആന എഴുന്നള്ളിപ്പ് വിവരങ്ങൾ മുൻകൂട്ടി ഇടപ്പിള്ളി സോഷ്യൽ ഫോറസ്ട്രി ഓഫീസിലും അടുത്തുള്ള പോലീസ് സ്റ്റേഷനിലും രേഖാമൂലം അറിയിക്കേണ്ടതാണ്.

>  അഞ്ചോ അതിൽ കൂടുതലോ ആനകൾ ഉള്ള സ്ഥലങ്ങളിൽ ആനകളുടെ ഫിറ്റ്‌നസ് പരിശോധിക്കുന്നതിന് വേണ്ടി ജില്ലാ വെറ്റിനറി ഡിപ്പാർട്ടുമെന്‍റിന്‍റെ സേവനം ഉറപ്പുവരുത്തണം. കൂടുതൽ ആനകളും ജന ങ്ങളും പങ്കെടുക്കുന്ന ഉത്സവങ്ങളിൽ മുൻകരുതൽ എന്ന നിലയ്ക്ക് തൃശൂർ ചിറ്റണ്ട് എലിഫന്‍റ് വെൽഫെയർ ട്രസ്റ്റിന്‍റെ പരിചയസമ്പന്നരായ സ്ക്വാഡിന്‍റെ സേവനം ആവശ്യപ്പെടുന്നവർക്ക് മുൻവർഷങ്ങളിലേതുപോലെ ലഭ്യമാണ്.

>  എഴുന്നള്ളിപ്പുകൾ രാവിലെ 11.30 ന് മുമ്പ് അവസാനിപ്പിച്ച് വൈകിട്ട് നാലിനുശേഷം ആരംഭിക്കുന്ന രീതിയിൽ ക്രമപ്പെടുത്ത ണം. ആനകൾക്ക് എഴുന്നള്ളിപ്പ് സ്ഥലത്ത് പന്തൽ കെട്ടി തണൽ ഒരുക്കാൻ ഭാരവാഹികൾ ശ്രദ്ധിക്കണം.

>  ആനയ്ക്ക് മതിയായ ശുദ്ധജലവും തീറ്റയും പാപ്പാൻമാർക്ക് വേണ്ട പ്രാഥമിക സൗകര്യങ്ങളും ഉറപ്പുവരുത്തണം.

>  ഓറിയന്‍റല്‍ ഇൻഷുറൻസ് കമ്പനിയുടെ രവിപുരം ബ്രാഞ്ചിൽ ഉത്സവം ഇൻഷുറൻസ് ചെയ്യുന്നതിനുവേണ്ട സൗകര്യം ഒരുക്കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K