29 March, 2024 10:09:45 AM


മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് വനദുര്‍ഗാ ക്ഷേത്രത്തിലെ താലപ്പൊലി ഭക്തിസാന്ദ്രമായി



പാലാ: മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രോത്സവത്തിന്‍റെ സമാപന ദിവസം പാറപ്പനാല്‍ കൊട്ടാരത്തില്‍ നിന്ന് ടൗണ്‍ ചുറ്റി ക്ഷേത്രത്തിലേയ്ക്ക് നടത്തിയ വനിതകളുടെ താലപ്പൊലി ഘോഷയാത്ര ഭക്തിസാന്ദ്രമായി. അലങ്കരിച്ച രഥത്തോടൊപ്പം നിരവധി കലാകാരന്മാര്‍ അണിനിരന്ന മേളവും ഗരുഡന്‍, മയില്‍ നൃത്തം എന്നിവയും അകമ്പടിയായി.


കലശപൂജ, കലശാഭിഷേക ചടങ്ങുകള്‍ക്ക് തന്ത്രി ബ്രഹ്മശ്രീ മുണ്ടക്കൊടി വിഷ്ണു നമ്പൂതിരിയും മേല്‍ശാന്തി പ്രവീണ്‍ തിരുമേനിയും  പ്രധാന കാര്‍മ്മികത്വം വഹിച്ചു. കലംകരിയ്ക്കല്‍- നിവേദ്യ  വഴിപാടുകള്‍ക്കും തിരുവാഭരണം ചാര്‍ത്തിയുള്ള ദര്‍ശനത്തിനും ശേഷം 'പൂരം ഇടി' നടന്നു. ഈ വനദുര്‍ഗാ ക്ഷേത്രത്തിലെ ആചാരപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ വിദൂരങ്ങളില്‍ നിന്നുള്ള ഭക്തരും എത്തിച്ചേര്‍ന്നു.  പൂരം ഇടി നടക്കുന്ന  സമയത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാറില്ല. 


മികച്ച പരിപാടികള്‍ക്കുള്ള ദേവസ്വം ഉത്സവ പുരസ്ക്കാരം ശിവം കെെകൊട്ടികളി സംഘം, ശ്രീദുര്‍ഗ്ഗ തിരുവാതിര സംഘം, ഗവ. ആയുര്‍വേദ യോഗാ ക്ളബ്ബ്, മലയാള ബ്രാഹ്മണ ഭദ്രപദം തിരുവാതിര സംഘം, മോഹനന്‍ കടപ്ളാമറ്റം എന്നിവര്‍ക്ക് സമ്മാനിച്ചു.


തിരുവരങ്ങില്‍ നടത്തിയ വിവിധ  പരിപാടികള്‍ക്ക് ദേവസ്വം പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍, സെക്രട്ടറി കെ.കെ. സുധീഷ്, കണ്‍വീനര്‍ കെ.കെ. നാരായണന്‍, ഡോ. ആര്യശ്രീ വിഷ്ണു, പഞ്ചായത്ത് വെെ.പ്രസിഡന്‍റ് ഉഷാ രാജു, മെമ്പര്‍മാരായ നിര്‍മ്മല ദിവാകരന്‍, സലിമോള്‍ ബെന്നി, ലതാ രാജു, ഓമന സുധന്‍, ശ്രീദേവി സതീശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K