09 May, 2024 01:56:21 PM


ആദിപരാശക്തിയുടെ ഉള്‍പ്പെടെ പൗര്‍ണമികാവിലേക്കുള്ള കൂറ്റന്‍ വിഗ്രഹങ്ങള്‍ക്ക് ഏറ്റുമാനൂരില്‍ സ്വീകരണം



കോട്ടയം: തിരുവനന്തപുരം പൗർണമികാവ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനായി രാജസ്ഥാനിലെ ജയ്പൂരില്‍നിന്നും എത്തിച്ച 23 അടി ഉയരമുള്ള ആദിപരാശക്തിദേവിയുടെ ഉള്‍പ്പെടെയുള്ള വിഗ്രഹങ്ങള്‍ക്ക് ഏഴരപൊന്നാനകളുടെ നാട്ടിലുള്‍പ്പെടെ കോട്ടയം ജില്ലയില്‍ സ്വീകരണം നല്‍കി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിയോടെ  ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് മുന്നിലെത്തിയ വിഗ്രഹങ്ങളെ നിലവിളക്ക് തെളിയിച്ചും പുഷ്പാര്‍ച്ചന നടത്തിയും ഭക്തര്‍ സ്വീകരിച്ചു.


പീഠമുള്‍പ്പെടെ 23 അടി ഉയരമുള്ള ആദിപരാശക്തി ദേവിയുടെ വിഗ്രഹത്തോടൊപ്പം വാഹനമായ സിംഹത്തിന്‍റെയും 12 അടി വീതം ഉയരമുള്ള  ദുർഗ, രാജമാതംഗി ദേവി എന്നിവരുടെയും ശിവവാഹനമായ നന്തിയുടെയും വിഗ്രഹങ്ങള്‍ മൂന്ന് ട്രയിലറുകളിലായാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നത്. ആദിപരാശക്തി ദേവിയുടെ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള ഈ മാർബിൾ വിഗ്രഹം പ്രശസ്ത ശിൽപിയായ മുകേഷ് ഭരദ്വാജ് ഒറ്റകല്ലിൽ നിർമ്മിച്ചതാണ്.



ഏപ്രിൽ 29 ന് ജയ്പൂരില്‍നിന്ന് ആരംഭിച്ച വിഗ്രഹങ്ങള്‍ വഹിച്ചുള്ള യാത്ര വെള്ളിയാഴ്ച തിരുവനന്തപുരം വെങ്ങാനൂര്‍ ചാവടി നടയിലെ പൗർണമിക്കാവ് ക്ഷേത്രത്തിൽ എത്തും. ലോകത്തിലെ ഏറ്റവും വലിയ പഞ്ചമുഖി ഗണേശ വിഗ്രഹവും 51 അക്ഷര ദേവതകളും പ്രതിനിധീകരിക്കുന്ന ഭാരതത്തിലെ ഏക തീർത്ഥാടനകേന്ദ്രമാണ് പൗർണമികാവ് ക്ഷേത്രം. ക്ഷേത്രത്തിൽ 17 അടി ഉയരമുള്ള ശനി വിഗ്രഹം അടുത്തിടെ സ്ഥാപിച്ചിരുന്നു.



ആദിപരാശക്തി ദേവിയുടെയും ദുർഗയുടെയും രാജമാതംഗി ദേവിയുടെയും പ്രതിഷ്ഠാ ചടങ്ങുകൾ രാമക്ഷേത്ര പ്രാൺ പ്രതിഷ്ഠാചടങ്ങിന് സമാനമായിരിക്കുമെന്ന് ക്ഷേത്രം ചീഫ് ട്രസ്റ്റി എം.എസ്.ഭുവനചന്ദ്രൻ പറഞ്ഞു. വാളയാര്‍ ചെക്ക്പോസ്റ്റ് വഴി ബുധനാഴ്ച്ച കേരളത്തില്‍ പ്രവേശിച്ച വിഗ്രഹഘോഷയാത്രയ്ക്ക് ഇതിനോടകം ഒട്ടേറെ കേന്ദ്രങ്ങളില്‍ ഭക്തര്‍ വന്‍സ്വീകരണം നല്‍കി. തൃശൂര്‍ മരത്താക്കരയില്‍ ധനലക്ഷ്മി ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ വന്‍സ്വീകരണം ഏര്‍പ്പെടുത്തിയിരുന്നു. കാലടിയിലും സ്വീകരണം നല്‍കിയിരുന്നു.


വ്യാഴാഴ്ച കിളിമാനൂരില്‍ വിശ്രമിച്ചശേഷം വെള്ളിയാഴ്ച രാവിലെ അനന്തപുരിയിലേക്ക് യാത്ര തിരിക്കും. രാവിലെ 10.30 മണിയോടെ പാളയം ഹനുമാൻ ക്ഷേത്രത്തിനു മുന്നിൽ നിന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്കും അവിടെ നിന്നും പൗർണമിക്കാവ്  ക്ഷേത്രത്തിലേക്കും സ്വീകരിച്ചാനയിക്കും. ഭക്തജനങ്ങൾ രാവിലെ 10 30 ന് പാളയം ഹനുമാൻ ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് പൗർണമിക്കാവ് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K