13 May, 2024 04:49:44 PM
ഏറ്റവും വലിയ ഗ്രാനൈറ്റ് വിഗ്രഹം നിർമിച്ച് കുഞ്ഞന്‍ മുകേഷ് ഭരദ്വാജ്
വിഴിഞ്ഞം : വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീക്ഷേത്രത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്രാനൈറ്റ് വിഗ്രഹത്തിനു പിന്നിൽ ഒരു കുഞ്ഞു മനുഷ്യന്‍റെ കഷ്ടപ്പാടുണ്ട്. നാലടി മാത്രം ഉയരമുള്ള ജയ്പൂർ സ്വദേശി മുകേഷ് ഭരദ്വാജാണ് (42) മൂന്നു വർഷത്തെ കഠിന പരിശ്രമം കൊണ്ട് ആദിപരാശക്തി വിഗ്രഹം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിൽ നിന്നും 23 അടി ഉയരമുള്ള വിഗ്രഹം പൗർണമിക്കാവിൽ എത്തിച്ചത്.
പരമ്പരാഗതമായി ശില്പ നിർമ്മാണ കുടുംബമാണ് മുകേഷിന്‍റേത്. മുകേഷിന്‍റെ മാതാ പിതാക്കളും സഹോദരിയും ഉയരം കുറഞ്ഞവരാണ്. തന്‍റെ ഉയരക്കുറവിന് പരിഹാരമെന്നോണം തനിക്ക് ലഭിച്ച നിയോഗമാണ് വിഗ്രഹനിർമ്മാണമെന്ന് അദ്ദേഹം പറഞ്ഞു.
ഒറ്റക്കല്ലിൽ കറുത്ത മാർബിളിലാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. രാജ മാതംഗി, ദുർഗാ ദേവീ, നന്തി എന്നീ വിഗ്രഹങ്ങളും ഇവിടെ എത്തിച്ചു. ക്രയിനുകളുടെ സഹായത്തിൽ വിഗ്രഹങ്ങൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇവ സ്ഥാപിച്ച് ശ്രീകോവിൽ കെട്ടി പ്രതിഷ്ഠാ ചടങ്ങുകൾ നടത്തും. ഉയരം കുറഞ്ഞയാൾ നിർമ്മിച്ച ഏറ്റവും വലിയ വിഗ്രഹമെന്ന റെക്കോർഡ് നേടാനുള്ള ശ്രമത്തിലാണ് അധികൃതർ.