22 December, 2023 12:41:32 PM


മണ്ഡല പൂജക്കൊരുങ്ങി അയ്യപ്പ സന്നിധി; തങ്ക അങ്കി രഥഘോഷയാത്ര നാളെ



പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര നാളെ ആരംഭിക്കും. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് രാവിലെ 7:00 മണി മുതലാണ് ഘോഷയാത്രയ്ക്ക് തുടക്കമാകുക. നിലവില്‍, ഘോഷയാത്രയ്ക്കുളള മുഴുവൻ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളില്‍ ഘോഷയാത്രയ്ക്ക് സ്വീകരണം ഒരുക്കുന്നതാണ്. 

ഡിസംബര്‍ 26-ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര പമ്പയിൽ എത്തിച്ചേരുക. തുടര്‍ന്ന് പമ്പഗണപതി കോവിലില്‍ ഭക്തര്‍ക്ക് ദര്‍ശനമൊരുക്കും. ഉച്ചതിരിഞ്ഞ് 3:00 മണിക്ക് പ്രത്യേക പേടകങ്ങളിലാക്കി ഗുരുസ്വാമിമാര്‍ തലയിലെന്തി നീലിമല, അപ്പാച്ചിമേട്, ശബരി പീഠം വഴി വൈകിട്ട് 5:00 മണിക്ക് ശരംകുത്തിയില്‍ എത്തിച്ചേരുന്നതാണ്.

സോപാനത്ത് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തങ്ക അങ്കി സ്വീകരിച്ച്‌ ശ്രീകോവിനുള്ളിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന്, നടയടച്ച്‌ തങ്ക അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുന്നതാണ്. പിറ്റേദിവസം രാവിലെ 10:30-നും 11:00-നും മധ്യേയാണ് മണ്ഡലപൂജ. തുടര്‍ന്ന് യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച്‌ ഭഗവാനെ യോഗനിദ്രയിലാക്കി രാത്രി 11:00 മണിക്ക് നടക്കുന്നതാണ്.ഇതോടെ, മണ്ഡലകാല തീര്‍ത്ഥാടനം സമാപിക്കും.

തുടര്‍ന്ന് 30-ന് വൈകിട്ട് 4:00 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട വീണ്ടും തുറക്കുന്നതാണ്. ജനുവരി 15-നാണ് മകരവിളക്ക്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K