23 December, 2023 09:56:21 AM


തങ്ക അങ്കി ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു



പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥ ഘോഷയാത്ര ഇന്ന്  രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ടു.തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പ സ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാർത്താനായി സമർപ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി.

ഘോഷയാത്ര ഡിസംബർ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുൻപ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. ഇന്ന്  രാവിലെ അഞ്ചു മുതൽ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തിൽ തങ്ക അങ്കി പൊതുജനങ്ങൾക്ക് ദർശിക്കാൻ അവസരമുണ്ട്.  ഇന്ന് രാവിലെ 7ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട്  മൂർത്തിട്ട ഗണപതി ക്ഷേത്രം.

പുന്നംതോട്ടം ദേവീ ക്ഷേത്രം.  ചവുട്ടുകുളം മഹാദേവക്ഷേത്രം എന്നിവിടങ്ങളിലൂടെ കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ രാത്രി വിശ്രമിക്കും. ഡിസംബർ 26ന് രാവിലെ 8ന് പെരുനാട് ശാസ്താ ക്ഷേത്രത്തിലും 9ന് ളാഹ സത്രം. 10ന് പ്ലാപ്പള്ളി. 11ന് നിലയ്ക്കൽ ക്ഷേത്രം. ഉച്ചയ്ക്ക് 1ന് ചാലക്കയത്തുമെത്തി 1.30ന് പമ്പയിൽവിശ്രമിക്കും.

പമ്പയിൽ നിന്നും ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയിൽ എത്തിച്ചേരും. ഇവിടെ നിന്നും ആചാരപൂർവം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി 6.30ന്  ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാർത്തി മണ്ഡല പൂജ നടക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K