16 June, 2024 02:16:42 PM


ഏകീകൃത കുര്‍ബാന തർക്കം: പള്ളികളിൽ സര്‍ക്കുലർ കത്തിച്ചും ചവറ്റുകുട്ടയിലെറിഞ്ഞും പ്രതിഷേധം



കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന സര്‍ക്കുലറിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. സര്‍ക്കുലര്‍ കീറിയും കത്തിച്ചും വിശ്വാസികൾ പ്രതിഷേധിക്കുകയാണ്. അടുത്ത മാസം മൂന്ന് മുതല്‍ പള്ളികളില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന സര്‍ക്കുലര്‍ ഇന്ന് എല്ലാ പള്ളികളിലും വായിക്കാനായിരുന്നു നിര്‍ദേശം. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും ചേര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ഇന്ന് രാവിലെ മുതൽ പള്ളികളുടെ പരിസരത്ത് തടിച്ചുകൂടിയ വിശ്വാസികൾ കടുത്ത പ്രതിഷേധമാണ് നടത്തുന്നത്. വിശ്വാസികളും നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടായി. അല്‍മായ മുന്നേറ്റത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

എളംകുളം പള്ളിയില്‍ സര്‍ക്കുലര്‍ കീറി ചവറ്റുകുട്ടയില്‍ എറിഞ്ഞു . തൃപ്പൂണിത്തുറ ഫൊറോന പള്ളിയിലും പുതിയകാവ് പള്ളിയിലും സര്‍ക്കുലര്‍ കത്തിച്ചു. പള്ളികളിലും സഭാ നേതൃത്വം നിര്‍ദേശിക്കുന്ന ഏകീകൃത കുര്‍ബാന ഇതുവരെ നടപ്പാക്കാനായിട്ടില്ല. സിനഡ് യോഗത്തിലും പ്രശ്‌ന പരിഹാരത്തിന് തീരുമാനമായിട്ടില്ല.

എന്താണ് കുർബാന ഏകീകരണ തർക്കം?

1999 ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് 2021 ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബാനയാണ് നിലനിൽക്കുന്നത്. കുർബാന അർപ്പിക്കുന്ന രീതിയിലാണ് തർക്കം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K