19 June, 2024 08:27:32 AM
വാതിലുകളില്ലാത്ത നഗരത്തിലെ ക്ഷേത്ര പുരോഹിതർ പൗർണ്ണമിക്കാവിൽ എത്തുന്നു
തിരുവനന്തപുരം:വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിലെ ശനീശ്വര പ്രതിഷ്ഠയുടെ പ്രാണപൂജകൾക്കായി മഹാരാഷ്ട്രയിലെ ഷിഗ്നാപ്പൂർ ശനിക്ഷേത്രത്തിലെ മുഖ്യപുരോഹിതരായ സന്ദീപ് ശിവാജി മുല്യയും സഞ്ജയ് പത്മാകർ ജോഷിയും വരുന്നു.മിഥുന മാസത്തിലെ പൗർണ്ണമിയായ ജൂൺ 22നാണ് ശനീശ്വരന്റെ പ്രാണപ്രതിഷ്ഠ നടത്തുന്നത്.21ന് പൂജകൾ ആരംഭിക്കും.ആദ്യമായാണ് ഷിഗ്നാപ്പൂർ ശനിക്ഷേത്രത്തിലെ മുഖ്യപുരോഹിതർ മറ്റൊരു ക്ഷേത്രത്തിലെ പൂജാ കർമ്മങ്ങൾക്ക് പങ്കെടുക്കുന്നത്.
ശനി ഷിഗ്നാപ്പൂരിലെ ക്ഷേത്രത്തിന്റെ 15 കിലോമീറ്റർ ചുറ്റളവിൽ വീടുകളും കടകളും മാത്രമല്ല ബാങ്കുകൾ പോലും പൂട്ട് ഉപയോഗിച്ച് പൂട്ടാറില്ല.സത്യത്തിന്റേയും ന്യായത്തിന്റേയും കാവലാളായ ശനീശ്വരൻ സംരക്ഷിക്കുമെന്നാണ് ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ഷിഗ്നാപ്പൂരിൽ താമസിക്കുന്ന എല്ലാവരുടേയും വിശ്വാസം.
പൗർണ്ണമിക്കാവിൽ പതിനെട്ടടി ഉയരമുള്ള ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ശനീശ്വരന്റേയും പതിമൂന്നടി നീളമുള്ള കാക്കയുടേയും പ്രാണപ്രതിഷ്ഠ നടക്കുന്നതോടെ ഭാവിയിൽ ഇവിടേയും സത്യവും ധർമ്മവും വിളയാടുന്ന നാടാകൂമെന്നും ജനങ്ങൾ കളളൻമാരെ ഭയപ്പെടാതെ ജീവിക്കുമെന്നും സന്ദീപ് ശിവാജി മുല്യയും സഞ്ജയ് പത്മാകർ ജോഷിയും പറഞ്ഞു.
പൗർണ്ണമിക്കാവിലെ ദേവിയുടെ മണ്ണിലെ ശനീശ്വരന്റെ വിഗ്രഹത്തിന് ശക്തി കൂടുതലായിരിക്കുമെന്നും ഷിഗ്നാപ്പൂരിലെ മുഖ്യപുരോഹിതർ കൂട്ടിചേർത്തു.