22 June, 2024 09:21:22 AM
ഞായറാഴ്ച ഒരു കുർബാന ഏകീകൃത രീതിയിൽ; ജൂലൈ മൂന്ന് മുതൽ പ്രാബല്യത്തിൽ
കൊച്ചി: ഏകീകൃത കുര്‍ബാന സംബന്ധിച്ച് പുറപ്പെടുവിച്ച അന്ത്യശാസനത്തില്‍ ഇളവനുവദിച്ച് സിറോ മലബാര്‍ സഭ. സിനഡ് നിര്‍ദേശിച്ച കുര്‍ബാന അര്‍പ്പിച്ചില്ലെങ്കില്‍ പുറത്താക്കും എന്ന അന്ത്യശാസനത്തിന് ഇളവ് നല്‍കി ഇന്നലെ രാത്രി വൈകിയാണ് സിറോ മലബാര്‍ സഭാ നേതൃത്വം പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.
'സിനഡനന്തര അറിയിപ്പ്' എന്ന പേരിലാണ് ഇന്നലെ രാത്രി സീറോ മലബാര്‍ സഭാ നേതൃത്വം പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. ജൂലൈ മൂന്ന് മുതല്‍ ഞായറാഴ്ചകളിലും പ്രധാന ദിവസങ്ങളിലും ഒരു കുര്‍ബാനയെങ്കിലും സിനഡ് നിര്‍ദ്ദേശിച്ച ഏകീകൃത രീതിയിൽ നടത്തണം. ഇത് അനുസരിക്കാത്ത വൈദികര്‍ക്കെതിരെ കര്‍ശന നടപടി എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ജൂലൈ മൂന്ന് മുതല്‍ ഏകീകൃത കുര്‍ബാന പൂര്‍ണമായും അര്‍പ്പിക്കാത്ത വൈദികര്‍ക്കെതിരെ നടപടി എടുക്കുമെന്നായിരുന്നു സിറോ മലബാര്‍ സഭാ നേതൃത്വം നേരത്തേ അറിയിച്ചിരുന്നത്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരിലും സമര്‍പ്പിതരിലും അല്‍മായരിലും ഉള്‍പ്പെട്ട ഒരാള്‍ പോലും കത്തോലിക്കാ കൂട്ടായ്മയില്‍ നിന്ന് വേര്‍പെട്ടു പോകരുതെന്ന തീരുമാനത്തിലാണ് ഈ വിഷയം ആവര്‍ത്തിച്ചു ചര്‍ച്ച ചെയ്യുന്നത് എന്ന വിശദീകരണമാണ് നടപടിയില്‍ അയവു വരുത്തിയതില്‍ സഭാ നേതൃത്വം നല്‍കുന്നത്. സഭയുടെ കൂട്ടായ്മയ്ക്കു ഭംഗം വരുത്തുന്ന രീതിയിലുള്ള പരസ്യപ്രസ്താവനകളില്‍നിന്ന് എല്ലാ വൈദികരും സമര്‍പ്പിതരും അല്‍മായരും വിട്ടുനില്‍ക്കേണ്ടതാണ് എന്നും സര്‍ക്കുലറില്‍ പറയുന്നു. സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും സംയുക്തമായാണ് സര്‍ക്കുലര്‍ ഇറക്കിയത്.