02 July, 2024 09:43:29 AM


കണ്ഠര് രാജീവര് ഒഴിയുന്നു; ശബരിമല തന്ത്രി സ്ഥാനത്ത് ഇനി മകൻ



പത്തനംതിട്ട: ശബരിമല തന്ത്രിസ്ഥാനത്തുനിന്ന് കണ്ഠര് രാജീവര് പൂർണചുമതല ഒഴിയുന്നു. തുടർന്ന് മകൻ കണ്ഠര് ബ്രഹ്‌മദത്തനാണ്(30) തന്ത്രിസ്ഥാനത്തേക്കെത്തുന്നത്. ഇപ്പോൾ തന്ത്രിയായ കണ്ഠര് മഹേശ്വര് മോഹനർക്കൊപ്പം തന്ത്രിപദവിയിലേക്ക് ബ്രഹ്‌മദത്തൻകൂടി വരുന്നതോടെ തലമുറമാറ്റം പൂർണമാകും.

ഓരോ വർഷവും മാറിമാറിയാണ് താഴമൺ മഠത്തിലെ രണ്ടു കുടുംബങ്ങൾക്ക് ശബരിമലയിലെ താന്ത്രികാവകാശം. പരേതനായ കണ്ഠര് മഹേശ്വരുടെ മകൻ കണ്ഠര് മോഹനരുടെ മകനാണ് ഇപ്പോഴത്തെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്. അടുത്ത ഊഴം കണ്ഠര് രാജീവരുടേതാണ്.

ചിങ്ങമാസപൂജകൾക്ക് ഓഗസ്റ്റ് 16-ന് നടതുറക്കും. അന്ന്‌ വൈകീട്ട് മേൽശാന്തി നടതുറക്കുന്നത് കണ്ഠര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തിലായിരിക്കും. പൂർണചുമതലയിൽ നിന്ന് ഒഴിയുന്നെങ്കിലും ചടങ്ങുകളിൽ രാജീവരുടെ പങ്കാളിത്തമുണ്ടാകും.

രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്‌മദത്തൻ നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. അന്താരാഷ്ട്ര കമ്പനിയായ ഡെലോയ്റ്റിൽ ലീഗൽ വിഭാഗത്തിൽ ജോലിചെയ്തു. ഒരുവർഷം മുമ്പാണ് ജോലി രാജിവെച്ച് പൂജകളിലേക്കു തിരിഞ്ഞത്. എട്ടാംവയസ്സിൽ ഉപനയനം കഴിഞ്ഞതുമുതൽ പൂജകൾ പഠിച്ചുതുടങ്ങിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K