28 December, 2023 12:33:02 PM


പ്രധാനമന്ത്രിക്കു മുന്നിൽ മിനി പൂരമൊരുക്കുമെന്ന് പാറമേക്കാവ് ദേവസ്വം



തൃശൂര്‍: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ മിനി പൂരമൊരുക്കാൻ പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം. തറ വാടകയുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡുമായി നിലനിൽക്കുന്ന തർക്കത്തെ തുടർന്നുണ്ടായ പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് ലക്ഷ്യം. 

ജനുവരി മൂന്ന് നടക്കുന്ന മോദിയുടെ റോഡ് ഷോ സമയത്താവും മിനി പൂരം ഒരുക്കുക. ഇതിനായി സുരക്ഷാ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ മിനി പൂരം നടത്താനാണ് പാറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലാവും മിനി പൂരം നടത്തുക.

പതിനഞ്ച് ആനകളെ അണിനിരത്തി, 200ഓളം പേരുടെ മേളവും മിനി പൂരത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കും. മുൻപ് 1986ൽ മാർപാപ്പ എത്തിയപ്പോഴാണ് തൃശൂരിൽ മിനി പൂരം ഒരുക്കിയത്. പൂരം പ്രതിസന്ധിയെ തുടർന്ന് സർക്കാർ വിളിച്ച യോഗം തീരുമാനമാകാതെ കഴിഞ്ഞദിവസം പിരിഞ്ഞിരുന്നു. വിഷയത്തിൽ കോടതി ഇടപെടലുണ്ടായതിനാൽ കോടതിയോട് ചോദിക്കാതെ ഒന്നും ചെയ്യാനാവില്ലെന്ന് മന്ത്രിമാരായ കെ രാധാകൃഷണനും കെ രാജനും മാധ്യമങ്ങളോട് പറഞ്ഞു. കോടതി ഇടപടലുണ്ടായിട്ടുണ്ട്. കേസ് നാലിന് വച്ചിരിക്കുകയാണ്. പൂരം തടസപ്പെടുത്തുന്നതൊന്നും സർക്കാർ ചെയ്യില്ലെന്നും പൂരം വിജയിപ്പിക്കുമെന്നും മന്ത്രി രാധാകൃഷ്ണൻ പറഞ്ഞിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K