30 December, 2023 06:59:32 PM


ആയില്യത്തിന്‍റെ പുണ്യത്തിൽ പുള്ളുവൻ പാട്ടിൽ ലയിച്ച് തിരുവൈരാണിക്കുളം ക്ഷേത്രം



ആലുവ : ആയില്യത്തിന്‍റെ പുണ്യത്തിൽ പുള്ളുവൻ പാട്ടിൻ്റെ ഈരടികളിൽ ലയിച്ച് തിരുവൈരാണിക്കുളം ക്ഷേത്രം. സർപ്പദോഷ പരിഹാരത്തിനായി നിരവധി ഭക്തരാണ് പുള്ളുവൻ പാട്ട് നടത്തുന്നത്. ക്ഷേത്രദർശനം കഴിഞ്ഞ് പുറത്തേക്കിറങ്ങുന്ന വഴിയിലാണ് പുള്ളുവൻ പാട്ട് നടത്തുന്നതിന് സൗകര്യമൊരുക്കിയിരിക്കുന്നത്.

പതിനഞ്ചോളം പുള്ളുവരാണ് നാഗപ്രീതിക്കായി സർപ്പം പാട്ട് പാടുവാൻ എത്തിയിട്ടുള്ളത്. പുള്ളുവർക്ക് പരമശിവൻ വീണയും ബ്രഹ്മാവ് കുടവും മഹാവിഷ്ണു കൈമണിയും നൽകിയെന്നാണ് വിശ്വാസം. നാഗങ്ങളുമായി ബന്ധപ്പെട്ട പുരാണങ്ങളിലുള്ള കഥകളാണ് പുള്ളുവൻ പാട്ടുകളിലെ ഇതിവൃത്തം. നടതുറപ്പ് മഹോത്സവം സമാപിക്കുന്നത് വരെ ക്ഷേത്രത്തിൽ പുള്ളുവൻ പാട്ട് ഉണ്ടാകും.


നടതുറപ്പ് മഹോത്സവം ആഘോഷിക്കുന്ന മഹാദേവ ക്ഷേത്രത്തിൽ പ്രധാന വിശേഷ ദിനമായ ഇന്ന് ആയിരക്കണക്കിന് ഭക്തർ ദർശനം നടത്തി. നടതുറപ്പ് ഉത്സവവും ആയില്യം നാളും ശനിയാഴ്ചയും ഒത്തുചേർന്ന അപൂർവ ദിനത്തിൽ ക്ഷേത്രത്തിൽ വിവിധ പൂജകൾ നടന്നു. ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠയായ നാഗരാജാവിന്റെ നടയിൽ വിശേഷാൽ ആയില്യംപൂജ ഉണ്ടായി. സർപ്പ പ്രീതിക്കായി നൂറും പാലും നൽകി മഞ്ഞൾപൊടി ,കരിക്ക് എന്നിവ കൊണ്ട് അഭിഷേകവും നടത്തി.

ക്ഷേത്രം മേൽശാന്തി നടുവം നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു പൂജകൾ. ശ്രീധർമ്മശാസ്താവിന്റെ വിശേഷാൽ ദിനമായ ശനിയാഴ്ച ശാസ്താവിൻ്റെ നടക്കൽ തേങ്ങയുടയ്ക്കുന്നതിനും എള്ളുതിരി കത്തിക്കുന്നതിനുമായി നിരവധി ഭക്തരാണ് എത്തിയത്. ശ്രീപാർവ്വതി ദേവിക്ക് മഞ്ഞൾപ്പൊടി അഭിഷേകം, മഹാദേവന് ധാര എന്നിവയും ഉണ്ടായി. ഞായറാഴ്ച ദിനത്തിലെ പതിവ് തിരക്ക് കണക്കിലെടുത്ത് ഇന്ന് പുലർച്ചെ മൂന്നു മുതൽ നടതുറന്ന് ഭക്തർക്ക് ദർശനം നൽകും. സാധാരണ ക്യൂ വഴിയും വെർച്വൽ ക്യുവഴിയും ദർശനം നടത്താവുന്നതാണ്. ക്യൂവിൽ നിൽക്കുന്ന ഭക്തജനങ്ങൾക്ക് തിളപ്പിച്ചാറ്റിയ വെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യും. രാവിലെ 9 മുതൽ അന്നദാനവും ഉണ്ടാകും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K