01 January, 2024 01:20:50 AM
മഞ്ഞള്‍, എള്ളു പറകളിൽ വന്‍ വര്‍ധന: തിരുവൈരാണികുളം നടതുറപ്പ് ഉത്സവം 6ന് സമാപിക്കും
ആലുവ : ഭക്തജന കടലായി മാറിയ തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ഇന്നലെ ദർശനം നടത്തിയത് പതിനായിരങ്ങൾ. പഞ്ചാക്ഷരീ മന്ത്രങ്ങളാലും ദേവീസ്തുതികളാലും ക്ഷേത്ര പരിസരം ഭക്തിമുഖരിതമായി. ഞായറാഴ്ച പുലര്‍ച്ചെ 3ന് നടതുറന്ന് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ ഭക്തജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു. സാധാരണ ദിവസങ്ങളേക്കാള്‍ കൂടുതല്‍ ഭക്തരെത്തിയെങ്കിലും ക്ഷേത്ര ട്രസ്റ്റിന്റെ ക്യൂ സംവിധാനത്തിലൂടെ തിരക്ക് അതിരുവിടാതെ നിയന്ത്രിക്കാനായി.
ഭക്തർ വെര്‍ച്വല്‍ ക്യൂ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്തിയതിനാൽ സാധാരണ ക്യൂവിലെ തിക്കുംതിരക്കും ഒഴിവായി. ഒരാഴ്ച മുന്‍പേ ഞായറാഴ്ചത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പൂര്‍ണ്ണമായിരുന്നു. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് നടത്തി വരുന്നവര്‍ക്ക് ക്ഷേത്ര ട്രസ്റ്റിന്റെ മൂന്ന് പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലും വെരിഫിക്കേഷന്‍ കൗണ്ടറുകള്‍ ഒരുക്കിയിരുന്നതിനാല്‍ വാഹനങ്ങളില്‍ നിന്ന് ഇറങ്ങുമ്പോഴേ പരിശോധന പൂര്‍ത്തിയാക്കി ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് എത്താനായി. ക്ഷേത്രത്തിനു മുന്നിലെ തിരക്ക് ഒഴിവാക്കാനും ഇതുവഴി സാധിച്ചു. നേരെ ക്ഷേത്രത്തില്‍ എത്തുന്നവർക്ക് ഗോപുരനടയിലും വെരിഫിക്കേഷൻ നടത്താനായി.
ഭിന്നശേഷിക്കാർക്ക് അധിക സമയം ക്യു നിൽക്കാതെ ദർശനം നടത്താൻ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ചില സമയങ്ങളിൽ പന്തലുകൾ നിറഞ്ഞ് കവിഞ്ഞങ്കിലും പൊലീസും ക്ഷേത്ര ട്രസ്റ്റ് വാളണ്ടിയർമാരും പ്രൈവറ്റ് സെക്യൂരിറ്റി ഗാര്‍ഡും ചേര്‍ന്ന് തിരക്ക് കൃത്യമായി നിയന്ത്രിച്ചതിനാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഭക്തര്‍ക്ക് സുഗമവും സുരക്ഷിതവുമായി ദര്‍ശനം നടത്തി മടങ്ങാന്‍ കഴിഞ്ഞു.
ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് ലഘുഭക്ഷണവും തിളപ്പിച്ചാറ്റിയ കുടിവെള്ളവും നൽകി. ക്യൂവില്‍ തന്നെയുള്ള വഴിപാട് കൗണ്ടറുകള്‍ ഭക്തര്‍ക്ക് ഏറെ സഹായകരമായി. ക്ഷേത്ര പരിസരങ്ങളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ ദേവസ്വം കൺട്രോൾ റൂമിൽ നിരീക്ഷിച്ച് നിർദ്ദേശങ്ങൾ നൽകിയാണ് ഭക്തജനങ്ങൾക്ക് സുഗമമായ ദർശനമൊരുക്കിയത്. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപന പ്രവർത്തനങ്ങളും ഗുണകരമായി. ക്ഷേത്രത്തിൻ്റെ നിയന്ത്രണത്തിലുള്ള ഗൗരിലക്ഷമി ആശുപത്രിയിൽ ഡോക്ടർമാരും ജീവനക്കാരും സേവനത്തിനുണ്ടായിരുന്നു.
ഭക്തരുടെ ആധിക്യം പരിഗണിച്ച് ഇന്നലെ ദേവിയുടെ നടക്കല്‍ മഞ്ഞള്‍ പറ നടത്തുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മഹാദേവന്റെ നടയിലെ എള്ളു പറയിലും വന്‍ വര്‍ധനവുണ്ടായി. പ്രസാദങ്ങളായ അരവണ, ഉണ്ണിയപ്പം, അഭിഷേക മഞ്ഞള്‍, കുങ്കുമം, ദേവിക്കു ചാര്‍ത്തിയ പട്ട് എന്നിവ എല്ലാമടങ്ങിയ പ്രസാദ കിറ്റ് ഏര്‍പ്പെടുത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് എന്നിവർ ക്ഷേത്ര ദർശനം നടത്തി. നടതുറപ്പ് മഹോത്സവം 6 ന് സമാപിക്കും.