18 August, 2024 03:40:59 PM
ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവം: ഒരുക്കങ്ങൾ ആരംഭിച്ചു
കാലടി : ജഗദ്ഗുരു ശ്രീ ശങ്കരാചാര്യ സ്വാമികൾ ഹരിശ്രീ കുറിച്ച പുണ്യപുരാതനമായ നെടുമ്പാശ്ശേരി ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രത്തിലെ വിജയദശമി ദിവസത്തെ (ഒക്ടോബർ 13) വിദ്യാരംഭത്തിനുള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് ചെയ്യുന്നതിലൂടെ അധികസമയം ക്യൂ നിൽക്കാതെ വിദ്യാരംഭവും ദർശനവും നടത്താൻ സാധിക്കുന്നതാണ്. താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യേണ്ടതാണ്.
നിർദ്ദേശങ്ങൾ:
വിദ്യാരംഭം: 400 രൂപ (വിദ്യാരംഭം -100; സാരസ്വതഘൃതം -150; നാവ്-മണി-നാരായം - 100; സാരസ്വത പുഷ്പാഞ്ജലി - 30; തൃമധുരം - 30; ജപിച്ച ചരട് - 20. ഈ വഴിപാടുകൾ എല്ലാം ചേർത്താണ് 400 രൂപ.) ഈ തുക വിജയദശമിയുടെ അന്ന് ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ വിദ്യാരംഭം കൗണ്ടറിൽ ചീട്ട് ആക്കേണ്ടതാണ്
വിദ്യാരംഭത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ക്ഷേത്രത്തിൽ ഒരുക്കുന്നതാണ്. രജിസ്റ്റർ ചെയ്യുന്ന മൊബൈൽ നമ്പറാണ് രജിസ്‌ട്രേഷൻ നമ്പർ. ഈ നമ്പർ വിദ്യാരംഭം കൗണ്ടറിൽ കാണിക്കേണ്ടതാണ്. ബുക്ക് ചെയ്യുവാൻ സാധിക്കാത്തവർക്ക് അന്നേ ദിവസം രാവിലെ 5.30 മുതൽ ഉച്ചക്ക് 1 മണി വരെ വിദ്യാരംഭം നടത്തുവാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
വിശേഷാൽ പൂജകൾ നടത്തുവാൻ ആഗ്രഹിക്കുന്നവരും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടാവുന്നതാണ്: 9846151002, 9446061160
നൃത്ത-സംഗീതോത്സവം
നവരാത്രി മഹോത്സവത്തിന്റെ (ഒക്ടോബർ 3 മുതൽ 13 വരെ) ഭാഗമായി നടത്തിവരുന്ന 33 -മത് നവരാത്രി നൃത്ത സംഗീതോത്സവത്തിൽ വ്യക്തികൾക്കും, സംഗീത-നൃത്ത വിദ്യാലയങ്ങൾക്കും, സംഗീതാരാധന, നൃത്താരാധന, അരങ്ങേറ്റം, തുടങ്ങിയവ അവതരിപ്പിക്കുന്നതിന് താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യേണ്ടതാണ്.
നവരാത്രി നൃത്ത-സംഗീതോത്സവത്തിന് സംഗീതാരാധനയും നൃത്താരാധനയും ചെയ്യാൻ താല്പര്യമുള്ള വ്യക്തികൾ, ഡാൻസ് സ്‌കൂളുകൾ, സംഗീത സ്‌കൂളുകൾ ഫോം പൂരിപ്പിച്ചു നൽകേണ്ടതാണ്. ഒക്ടോബർ 3 മുതൽ 13 വരെയുള്ള തീയതികൾക്കായാണ് ബുക്കിങ്. ബുക്ക് ചെയ്‌തു എന്നതുകൊണ്ടു തിരഞ്ഞെടുക്കുന്ന സ്ലോട്ട് ലഭിക്കണമെന്നില്ല. ഫോമിലൂടെ സ്ലോട്ടിനുള്ള അപേക്ഷ സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നത്. പരിപാടിയുടെ ദൈർഘ്യവും തരവും കണക്കാക്കി ദേവസ്വം ഓഫീസിൽ നിന്നും പരിപാടിയുടെ തീയതിയും സമയവും നിശ്ചയിക്കുന്നതാണ്.
ദേവസ്വം ഓഫീസിൽ നിന്നും നേരിട്ട് വിളിച്ചും ഇമെയിൽ ആയും ആരാധനക്കുള്ള തീയതിയും സമയവും അറിയിക്കുന്നതായിരിക്കും. സരസ്വതീ ദേവിയുടെ തിരുസന്നിധിയിൽ പ്രത്യേകം അലങ്കരിച്ച നവരാത്രി മണ്ഡപത്തിലാണ് സംഗീതാരാധനയും നൃത്താരാധനയും നടക്കുന്നത്. വഴിപാടു തുക 300 രൂപ. (വഴിപാടിന്റെ ഭാഗമായി ആരാധന ചെയ്യുന്നവരുടെ പേരിലും നാളിലും സാരസ്വത പുഷ്‌പാഞ്‌ജലി കഴിക്കുന്നതാണ്. വഴിപാടിന്റെ ഭാഗമായി തിരുനടയിൽ 'നാവു, മണി, നാരായം സമർപ്പണവും' നടത്താം). ഈ തുക ആരാധന നടത്തുന്ന ദിവസം വേദിക്കരികെ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിൽ ഓരോരുത്തരും ചീട്ട് ആക്കേണ്ടതാണ്.
സരസ്വതീ ദേവി സന്നിധിയിൽ സംഗീത-നൃത്ത-വാദ്യ അരങ്ങേറ്റത്തിന് വരുന്നവർക്ക് ഗുരുക്കന്മാരുടെയും പക്കമേള കലാകാരന്മാരുടെയും അനുഗ്രഹാശിസ്സുകളോടെ ദേവിയുടെ തിരുമുൻപിൽ ആരാധനയായി അരങ്ങേറ്റം നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഉണ്ടായിരിക്കുന്നതാണ്.
മാർഗ്ഗനിർദ്ദേശങ്ങൾ:
> ആരാധന നടത്തുന്ന ഒരാൾക്കാണ് വഴിപാടു തുക 300 വരുന്നത്. ഗ്രൂപ്പ് ആയി സംഗീത-നൃത്ത ആരാധന നടത്തുന്നവരാണെങ്കിൽ ഗ്രൂപ്പിലെ ഓരോ വ്യക്തിക്കും വെവ്വേറെ വഴിപാടു തുക അടക്കേണ്ടതാണ്.
> സംഗീതാരാധനക്കു വേദിയിൽ പക്കമേളം സജ്ജമായിരിക്കും.
> നൃത്താരാധനയ്ക്ക് പക്കമേളം വേണമെങ്കിൽ മുൻകൂട്ടി അറിയിക്കേണ്ടതാണ്. പക്കമേളത്തിനു അധിക തുകയും നൽകേണ്ടതാണ്. ഈ തുക മുൻകൂട്ടി കൈമാറേണ്ടതും ആണ്.
> സംഗീത-നൃത്ത ആരാധനയ്ക്ക് വരുന്നവർക്കും കൂടെ വരുന്നവർക്കും ക്ഷേത്രം ഊട്ടുപുരയിൽ ഭക്ഷണം ലഭ്യമായിരിക്കും.
> സംഗീത-നൃത്ത ആരാധനയിൽ ഒരു വഴിപാടുകാരന് 2 കീർത്തനത്തിൽ കൂടുതൽ പാടുവാൻ സമയലഭ്യതയും തിരക്കും ഉള്ളതിനാൽ സാധിക്കുകയില്ല. മഹാനവമി, വിജയദശമി ദിനങ്ങൾ ഒഴികെ ഉള്ള ദിനങ്ങളിൽ തിരക്കും, ബുക്കിങ്ങുകളുടെ എണ്ണവും പരിഗണിച്ചു മാത്രമേ ഇതിൽ ഇളവുകൾ ഉണ്ടാകുകയുള്ളൂ.
> ഫോം സമർപ്പിക്കുവാനുള്ള അവസാന തീയതിക്ക് മുൻപ് തന്നെ മുഴുവൻ സ്ലോട്ടുകളും ബുക്ക് ചെയ്തു കഴിയുകയാണെങ്കിൽ ടി തീയതിക്ക് മുൻപ് തന്നെ രജിസ്‌ട്രേഷൻ ക്ളോസ് ചെയ്യുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്: +91 9446061160, +91 9744001109 (ദേവസ്വം ഓഫീസ്)