01 January, 2024 07:02:01 PM
ബ്രാഹ്മണിപാട്ട് വഴിപാടിന് വൻ തിരക്ക്; മഞ്ഞൾ പറയിട്ട് ജയറാമും പാർവതിയും
ആലുവ: തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ പ്രത്യേകതയായ ബ്രാഹ്മണിപ്പാട്ടു വഴിപാട് നടത്താൻ നിരവധി ഭക്തരെത്തുന്നു.നടതുറപ്പ് മഹോത്സവത്തിനെത്തുന്ന ഭക്തരുടെ വിശേഷപ്പെട്ട വഴിപാടാണ് ബ്രാഹ്മണിപ്പാട്ട്. നാലമ്പലത്തിന് അകത്തെ പാട്ടുപുരയിലാണ് ബ്രാഹ്മണി പാട്ട് വഴിപാട് നടത്തുന്നത്.
ശിവപാർവതീപരിണയ കഥകളും ദേവീസ്തുതിഗീതങ്ങളുമാണ് ബ്രാഹ്മണി പാട്ടിലൂടെ ചൊല്ലുന്നത്.ദേവീദർശനം കഴിഞ്ഞ് പാട്ടുപുരയിൽ എത്തി വഴിപാട് നടത്തുമ്പോൾ ഭക്തരുടെ മനസിലെ ദുഃഖങ്ങള്‍ ഒഴിയുന്നുവെന്നാണ് വിശ്വാസം. ശ്രീപാര്‍വ്വതീദേവിയെ ദര്‍ശിക്കാന്‍ എത്തുന്ന ഭക്തരില്‍ ഏറെയും ബ്രാഹ്മണി അമ്മയെ കണ്ട് സങ്കടങ്ങള്‍ ഉണര്‍ത്തിച്ച് ബ്രാഹ്മണി പാട്ടിലൂടെ പരിഹാരം തേടുന്നു.ദേവിക്ക് ഏറെ പ്രിയപ്പെട്ടതായതിനാലാണ് നാലമ്പലത്തിനകത്തുതന്നെ ബ്രാഹ്മണി പാട്ട് നടത്തുന്നത്..
ബ്രാഹ്മണിപാട്ടിലൂടെ ദേവി സന്തുഷ്ടയാകുമെന്നും അതുവഴി സങ്കടങ്ങള്‍ ഒഴിഞ്ഞ് സര്‍വ്വൈശ്വര്യങ്ങളും കൈവരുമെന്നുമാണ് ഭക്തർ കരുതിപോരുന്നത്. ശിവപാര്‍വ്വതീ പരിണയകാലത്തെ കൗമാര ദശയിലുള്ള ദേവിയാണ് തിരുവൈരാണിക്കുളത്തെ പ്രതിഷ്ഠാസങ്കല്‍പ്പം. ദുരിതദോഷങ്ങള്‍ ഒഴിയുന്നതിനും കുടുംബഐശ്വര്യത്തിനുമുള്ള വഴിപാടായാണ് ഭക്തര്‍ ബ്രാഹ്മണി പാട്ട് പാടിക്കുന്നത്.
ശ്രീപാര്‍വ്വതീദേവിയുടെ ഉറ്റതോഴിയായ പുഷ്പിണി എന്ന സങ്കല്‍പ്പവുമായി ബന്ധപ്പെട്ടാണ് ഈ സമ്പ്രദായം നിലനില്‍ക്കുന്നത്. പുഷ്പിണിയുടെ പ്രതിരൂപമായാണ് ബ്രാഹ്മണി അമ്മയെ കരുതുന്നത്. ഇവര്‍ക്ക് ക്ഷേത്രത്തിന്റെ ആചാരവിശ്വാസങ്ങളില്‍ സുപ്രധാന സ്ഥാനമാണുള്ളത്. നടതുറക്കുന്നതിനും അടയ്ക്കുന്നതും ബ്രഹ്മണി അമ്മയുടെ മേല്‍നോട്ടത്തിലാണ്.
നടതുറപ്പിനു ശേഷം രാത്രി ദേവിയെ പാട്ടുപുരയിലേക്ക് ആനയിക്കുന്ന ചടങ്ങിലും ബ്രാഹ്മണി അമ്മയാണ് അകമ്പടി സേവിക്കുന്നത്. ശ്രീകോവിലിലെ വിളിക്കില്‍ നിന്നു പകര്‍ത്തിയ ദീപം പ്രതീകാത്മകമായി പാട്ടുപുരയിലേക്ക് എഴുന്നള്ളുമ്പോള്‍ തളികയില്‍ കൊട്ടി ബ്രഹ്മണിയമ്മ അകമ്പടി സേവിക്കും. രാത്രി മുഴുവന്‍ ദേവിക്കു സ്തുതിഗീതങ്ങളുമായി ഉറക്കമൊഴിച്ചു കൂട്ടിരിക്കുന്ന ഇവര്‍ ദിവസവും നടതുറക്കുന്നതിനു മുന്‍പ് ദേവിയെ തിരികെ എഴുന്നള്ളിക്കുമ്പോഴും അകമ്പടിയാകും.
അല്ലിമംഗലത്ത് തറവാട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് ക്ഷേത്രത്തിലെ ബ്രഹ്മണിഅമ്മയാകാനുള്ള അവകാശം. പാരമ്പര്യമായി വായ്മൊഴിയായി പകര്‍ന്നുകിട്ടിയ ഗീതങ്ങളാണ് ഇവര്‍ ചൊല്ലുന്നത്. അല്ലിമംഗലത്ത് പുഷ്പകത്തിലെ തങ്കമണി ടീച്ചറാണ് നിലവിലെ മുതിർന്ന ബ്രാഹ്മണി അമ്മ. ഓണ്‍ലൈനായും ബ്രാഹ്മണിപാട്ട് നേരാവുന്നതാണ്. ഇവരുടെ പേരില്‍ പാട്ടുപുരയില്‍ ബ്രാഹ്മണിപാട്ട് നടത്തും. ക്ഷേത്രത്തിൻ്റെ ഈ വർഷത്തെ വിശേഷദിവസങ്ങളുടെ കലണ്ടർ ബദരിനാഥ് ക്ഷേത്രം മുഖ്യപുരോഹിതൻ ഈശ്വരപ്രസാദ് നമ്പൂതിരി ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ എ പ്രസൂൺകുമാറിൽനിന്ന് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.നടൻ ജയറാം ഭാര്യ പാർവതിയുമൊത്ത് ക്ഷേത്ര ദർശനം നടത്തി.