22 August, 2024 04:39:20 PM
ആചാരപ്പെരുമയിൽ ആറന്മുള ഉത്രട്ടാതി ആചാര ജലമേള; പങ്കെടുത്തത് 26 പള്ളിയോടങ്ങൾ
പത്തംതിട്ട : ആറന്മുള ക്ഷേത്രത്തിലെ പ്രതിഷ്‌ഠ ദിനമായ ഇന്ന് (ഓഗസ്റ്റ് 22) ഉത്രട്ടാതി ആചാര ജലമേള നടന്നു. 26 പള്ളിയോടങ്ങളാണ് ജലമേളയില്‍ പങ്കെടുത്തത്. ഇക്കുറി കന്നിമാസത്തിലെ ഉത്രട്ടാതി നാളായ സെപ്റ്റംബർ 18ന് ആറന്മുള വള്ളംകളി നടക്കുന്നതിനാലാണ് ആചാരം നിലനിർത്താൻ ഇന്ന് ജലമേള നടത്തിയത്.
രാവിലെ 11ന് ആറന്മുള സത്രക്കടവിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ രണ്ട് പള്ളിയോടങ്ങൾ വീതം മധുക്കടവിലെത്തി പൊതിയും പഴവും ക്ഷേത്രപ്രസാദവും പുകയിലയും ദക്ഷിണയായി സ്വീകരിച്ചു. 2014ലും ഇത്തരത്തിൽ ആചാര വള്ളംകളി നടന്നിരുന്നു. ആകെയുള്ളത് 52 പള്ളിയോടങ്ങളാണ്.
കാട്ടൂരിൽ നിന്നും ഓണ വിഭവങ്ങളുമായി ആറന്മുള ക്ഷേത്രത്തിലേക്ക് പോകുന്ന തിരുവോണ തോണിയെ ഒരിക്കൽ ചിലർ ആക്രമിച്ചതിനെ തുടർന്ന് തോണി സംരക്ഷണത്തിനായി സമീപ കരക്കാർ വലിയ പള്ളിയോടങ്ങൾ നിർമിച്ച് തോണിക്ക് അകമ്പടി പോയി. ഈ പള്ളിയോടങ്ങളുടെ എഴുന്നെള്ളത്താണ് പിന്നീട് ആറന്മുള വള്ളംകളിയായി മാറിയതെന്നാണ് ഐതീഹ്യം.