20 January, 2024 10:56:38 PM


അതിരമ്പുഴ തിരുനാൾ: വി. സെബസ്റ്റ്യാനോസ് സഹദായുടെ തിരുസ്വരൂപം ചെറിയ പള്ളിയില്‍



അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിലെ വി.സെബസ്റ്റ്യാനോസിന്റെ തിരുനാളിനോട് അനുബന്ധിച്ച് വിശുദ്ധന്റെ തിരുസ്വരൂപം വലിയ പള്ളിയിലെ രൂപക്കൂട്ടില്‍നിന്ന് ഇറക്കി ആടയാഭരണങ്ങള്‍ അണിയിച്ച് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പ്രദക്ഷിണമായി ചെറിയപള്ളിയില്‍ എത്തിച്ച് ദൈവാലയ മധ്യത്തില്‍ പ്രതിഷ്ഠിച്ചു. പള്ളിയുടെ നിലവറയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണ ഉരുപ്പടികള്‍ നാല് കൈക്കാരന്മാര്‍ ബാന്റ് മേളങ്ങളുടെ അകമ്പടിയോടെ ദൈവാലയ മദ്ബഹയില്‍ എത്തിച്ചു. വൈകുന്നേരം നടക്കുന്ന കഴുന്ന് പ്രദക്ഷിണത്തിന് തെക്കും ഭാഗക്കാര്‍ക്ക് വിതരണം ചെയ്യാനുള്ള കഴുന്നുകള്‍ വികാരി. ഫാ. ഡോ. ജോസഫ് മുണ്ടകത്തിലും അസി. വികാരിമാരായ ഫാ. സാജന്‍ പുളിക്കല്‍, ഫാ. നൈജില്‍ തൊണ്ടിക്കാക്കുഴി, ഫാ. ബിനില്‍ പഞ്ഞിപ്പുഴയും ചേര്‍ന്ന് ആശിര്‍വദിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.

അതിരമ്പുഴയില്‍ മാത്രം കാണുന്ന പ്രത്യേക നേര്‍ച്ചയായ ചാണകം മെഴുകല്‍ 19ന് രാത്രി 10 മണിക്ക് ആരംഭിച്ചു. ആയിരക്കണക്കിന് ഭക്തര്‍ ഈ നേര്‍ച്ചയില്‍ പങ്കുചേര്‍ന്ന് ഉദ്ദിഷ്ഠ കാര്യസാധ്യത്തിനായി പ്രാര്‍ത്ഥിച്ചു.

ഇടവകയുടെ കൈക്കാരന്മാരായ ശ്രീ. ജേക്കബ് തലയിണക്കുഴി, ശ്രീ. ജോണി കുഴുപ്പില്‍, ശ്രീ മാത്യു വലിയപറമ്പില്‍, ശ്രീ. തോമസ് പുതുശ്ശേരി, അസി. വികാരിമ്ാരായ ഫാ. സാജന്‍ പുളിക്കല്‍, ഫാ. നൈജില്‍ തൊണ്ടിക്കാക്കുഴി, ഫാ. ബിനില്‍ പഞ്ഞിപ്പുഴ വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തില്‍ തുടങ്ങിയവര്‍ ആചാരാനുഷ്ഠാനങ്ങള്‍ക്ക് നേതൃത്വം നല്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K