03 February, 2024 04:15:05 PM
മാർത്താണ്ഡത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം; കെഎസ്ആർടിസി ഡ്രൈവർക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: മാർത്താണ്ഡം മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും തമ്മിൽ കൂട്ടിയിടിച്ച അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ബസിലെ ഡ്രൈവർ അനീഷ് കൃഷ്ണ ഗുരുതര പരിക്കുകളോടെ നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും അല്പസമയത്തിനുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.
നാഗർകോവിലിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസ്സും കളിയിക്കാവിളയിൽ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ് മുന്നിലുള്ള ടോറസ് ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോൾ മറുഭാഗത്തുനിന്ന് വരികയായിരുന്നു തമിഴ്നാട് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.
രണ്ട് ബസ്സിലുമുണ്ടായിരുന്ന പരിക്കേറ്റ 35ഓളം പേരെ പല ആശുപത്രിയിലായി പ്രവേശിപ്പിച്ചു. കുഴിത്തുറെ സർക്കാർ താലൂക്ക് ആശുപത്രിയിൽ 10 പേർ ചികിത്സയിലുണ്ട്. മാർത്താണ്ഡത്ത് സ്വകാര്യ ആശുപത്രിയിൽ 22 പേരെയും പ്രവേശിപ്പിച്ചു. അപകടത്തിൽ രണ്ടു വാഹനത്തിലെയും ഡ്രൈവർമാർക്കും ഗുരുതര പരിക്ക് സംഭവിച്ചിട്ടുണ്ട്.