05 February, 2024 04:20:59 PM
വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് ചംപയ് സോറൻ
റാഞ്ചി: ത്സാർഖണ്ഡ് മുഖ്യമന്ത്രി ചംപായ് സോറന്‍റെ നേതൃത്വത്തിലുള്ള ജെഎംഎം കോൺഗ്രസ് -ആർജെഡി സഖ്യ സർക്കാർ ഭൂരിപക്ഷം തെളിയിച്ചു. 81 അംഗ നിയമസഭയിൽ 47 എംഎൽഎമാരുടെ പിന്തുണയോടെയാണ് സോറൻ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചത്. പ്രതിപക്ഷത്തിന് 29 എംഎൽഎമാരുടെ പിന്തുണയാണ് ലഭിച്ചത്.
ബിജെപി അട്ടിമറി നീക്കം ഭയന്ന് ഭരണകക്ഷി എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റിയിരുന്നു. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായ ഞായറാഴ്ച രാത്രിയിലാണ് ഇവരെ റാഞ്ചിയില്‍ എത്തിച്ചത്. ഭൂമി അഴിമതിക്കേസില്‍ ഇ.ഡി.കസ്റ്റഡിയിലുള്ള മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറനും കോടതി അനുമതിയോടെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാനെത്തിയിരുന്നു.
ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇഡി അറസ്റ്റു ചെയ്തതോടെയാണ് ചംപയ് സോറനെ ജെഎംഎം മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. പിന്നാലെ 10 ദിവസത്തെ സമയമാണ് ചംപയ് സോറന് ഭൂരിപക്ഷം തെളിയിക്കാനായി അനുവദിച്ചിരുന്നത്. 41 എംഎൽഎമാരുടെ പിന്തുണയായിരുന്നു ചംപയ് സോറന് വിശ്വാസം തെളിയിക്കാനാവശ്യം, എന്നാൽ 47 വോട്ടോടുകൂടിയാണ് ചംപയ് സോറൻ വിശ്വാസം തെളിയിച്ചത്.