06 February, 2024 01:12:01 PM
പോലീസ് സ്റ്റേഷനുകളിലെ മൂന്നാംമുറയ്ക്ക് അവസാനമാകുന്നു
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളിലെ മൂന്നാംമുറയ്ക്ക് അവസാനമാകുന്നു. സ്റ്റേഷനുകളുടെ ഉൾവശം 24മണിക്കൂറും ക്യാമറാ നിരീക്ഷണത്തില്‍. സുപ്രീംകോടതിയുടെ ഉത്തരവു പ്രകാരമാണ് പോലീസ് സ്റ്റേഷനുകളിൽ പൂർണമായും ക്യാമറാ നിരീക്ഷണം ഒരുങ്ങുന്നത്.
എല്ലാ പോലീസ് സ്റ്റേഷനുകളും ക്യാമറാ നിരീക്ഷണത്തിലാക്കാൻ 2020 ഡിസംബറിലാണ് ജസ്റ്റിസ് ആർ.എഫ് നരിമാൻ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടത്. 520 സ്റ്റേഷനുകളിലും നാലു മാസത്തിനകം ക്യാമറാ നിരീക്ഷണമൊരുക്കാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടെലികമ്മ്യൂണിക്കേഷൻസ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിന് (ടി.സി.ഐ.എല്‍) കരാർ നല്‍കിയതാണ്. പകുതിയിലേറെ സ്റ്റേഷനുകളില്‍ പൂർത്തിയായ ശേഷം പദ്ധതി ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഇതാണ് ഇപ്പോള്‍ പൂർത്തിയാകുന്നത്. സുപ്രീംകോടതി പലവട്ടം താക്കീത് നല്‍കിയതിനെത്തുടർന്നാണ് സ്റ്റേഷനുകളിലെ ക്യാമറാ വയ്പ്പ് വേഗത്തിലാക്കിയത്.
കുറ്റാരോപിതരെയും സംശയമുള്ളവരെയുമൊക്കെ പോലീസ് ഇടിച്ചുപിഴിയുന്നത് അവസാനിപ്പിക്കുകയാണ് ലക്ഷ്യം.
സ്റ്റേഷനുകളുടെ പ്രവേശന കവാടം, പുറത്തേക്കുള്ള വഴികള്‍, റിസപ്ഷൻ, ലോക്കപ്പുകള്‍, ഇടനാഴികള്‍, ഇൻസ്പെക്ടറുടെയും സബ് ഇൻസ്പെക്ടർമാരുടെയും മുറികള്‍, ലോക്കപ്പിന്റെ പുറംഭാഗം, സ്റ്റേഷൻ ഹാള്‍, സ്റ്റേഷന്റെ പരിസരം, ഡ്യൂട്ടി ഓഫീസറുടെ മുറി, കുറ്റാരോപിതരെ ഇരുത്തുന്ന മുറികള്‍ എന്നിവിടങ്ങളിലെല്ലാം നിരീക്ഷണമുണ്ടാകും.
മനുഷ്യാവകാശം ലംഘിച്ചെങ്കില്‍ ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങള്‍ ഇരയ്‌ക്ക് ആവശ്യപ്പെടാമെന്നും മനുഷ്യാവകാശ കമ്മിഷനടക്കം തെളിവായി സ്വീകരിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതോടെയാണ് സ്റ്റേഷനും പരിസരവുമാകെ ക്യാമറാ നിരീക്ഷണത്തിലാക്കാൻ സർക്കാർ നിർബന്ധിതമായത്.
നിരീക്ഷണത്തിന് ഒരു സ്റ്റേഷനില്‍ വേണ്ടത് 13 ക്യാമറകളാണ്. രാത്രിദൃശ്യങ്ങള്‍ ചിത്രീകരിക്കാനാവുന്നതും ശബ്ദം റെക്കോർഡ് ചെയ്യാൻ മികച്ച മെക്രോഫോണുള്ളതുമായ ക്യാമറകളാണ് സ്ഥാപിക്കുന്നത്. ക്യാമറയിലെ ദൃശ്യങ്ങളില്‍ കൃത്രിമം കാട്ടാനാവില്ല.ദൃശ്യങ്ങളും ശബ്ദവും ഒന്നര വർഷം സൂക്ഷിച്ചുവയ്ക്കാവുന്ന സംവിധാനമടക്കമാണ് സജ്ജമാക്കുന്നത്.
ദൃശ്യങ്ങള്‍ തുറക്കണമെങ്കില്‍ ജില്ലാ പോലീസ് മേധാവിയുടെ പാസ്‌വേഡ് ഉപയോഗിക്കണം. ക്യാമറാ സംവിധാനം കേടായാല്‍ 6 മണിക്കൂറിനകം അറ്റകുറ്റപ്പണി നടത്തണം. ഓഫ് ചെയ്യുന്നില്ലെന്ന് എസ്.എച്ച്.ഒ ഉറപ്പാക്കണമെന്നും സുപ്രീം കോടതിയുടെ നിർദ്ദേശത്തിൽ ഉണ്ട്.