08 February, 2024 11:54:59 AM
കേന്ദ്രത്തിന് എതിരായ കേരളത്തിൻ്റെ ഡല്‍ഹി പ്രതിഷേധം ആരംഭിച്ചു
ന്യൂഡല്‍ഹി: കേന്ദ്രത്തിന് എതിരായ കേരളത്തിൻ്റെ ഡല്‍ഹി പ്രതിഷേധത്തിന് ജന്തര്‍മന്തറില്‍ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ മന്ത്രിമാരും എംഎല്‍എംപിമാരും എംപിമാരും പങ്കെടുക്കുന്നുണ്ട്. ഇന്ത്യ സഖ്യത്തിലെ നേതാക്കളും പ്രതിഷേധത്തിൻ്റെ ഭാഗമാകും.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, ഡിഎംകെ നേതാക്കൾ അടക്കം സമരത്തിന് പിന്തുണയുമായി ജന്തൻ മന്ദറിലെത്തുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിഷേധ പ്ലക്കാർഡുമായാണ് മാർച്ചിൽ അണിനിരന്നത്. രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രതിഷേധത്തിന് സാക്ഷിയാകുകയാണ് ജന്തർ മന്തർ.
പ്രതിഷേധത്തെ ബി.ജെ.പിക്കെതിരായ രാഷ്ട്രീയ മുന്നേറ്റമാക്കാനാണ് ഇടതുപക്ഷത്തിന്‍റെ നീക്കം. സംസ്ഥാനത്തിന് അർഹതപ്പെട്ട നികുതിയും പദ്ധതികളും നേടിയെടുക്കുക എന്ന ലക്ഷ്യമിട്ടാണ് നിയമവഴിക്ക് പുറമേ തെരുവിലും സമരത്തിന് ഇറങ്ങിയത്.
വി എസ് സർക്കാരിന്‍റെ കാലത്താണ് അവസാനമായി ഡല്‍ഹിയില്‍ കേരളം കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തിന് അർഹതപ്പെട്ടത് നേടിയെടുക്കാൻ നടത്തുന്ന ഇന്നത്തെ സമരം രാജ്യവ്യാപകമായി ചർച്ചയാക്കാനാണ് കേരളത്തിൻ്റെ നീക്കം. ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്നാണ് കേരളത്തിന്‍റെ ആരോപണം.