10 February, 2024 12:41:26 PM


മാനന്തവാടിയില്‍ മൃതദേഹവുമായി പ്രതിഷേധം; എസ്‍പിയുടെ വാഹനം തടഞ്ഞു



മാനന്തവാടി: റേ‍ഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ വൻ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവും ചുമന്നു നാട്ടുകാർ നിരത്തിലിറങ്ങി.
മൂവായിരത്തോളം പേരാണ് മാനന്തവാടി ഗാന്ധിജങ്ഷനിൽ പ്രതിഷേധിക്കുന്നത്. ഗാന്ധിപാർക്കിൽ മൃതദേഹം വച്ചു പ്രതിഷേധിക്കാനാണ് നാട്ടുകാരുടെ തീരുമാനം. നഗരം സ്തംഭിച്ച അവസ്ഥയിലാണ്.

മെഡിക്കൽ കോളെജിലേക്ക് വരുകയായിരുന്ന വയനാട് എസ്പി ടി. നാരായണന്‍റെ വാഹനം നാട്ടുകാർ‌ ഗോ ബാക്ക് വിളികളോടെ തടഞ്ഞു. എസ്‍പിയോടു വാഹനത്തിൽനിന്ന് ഇറങ്ങി നടന്ന് പോകാൻ നാട്ടുകാർ പറഞ്ഞു. വാഹനത്തിൽനിന്നിറങ്ങിയതിനു പിന്നാലെ എസ്പിക്കു നേരെ പ്രതിഷേധം ഉയർന്നു. നിലവിൽ രണ്ടുസംഘമായാണു പ്രതിഷേധം നടക്കുന്നത്. എസ്പിയെയും പൊലീസുകാരെയും തടഞ്ഞുവച്ചിരിക്കുന്നിടത്ത് ഒരു സംഘവും ഗാന്ധി പ്രതിമക്ക് മുന്നിൽ മൃതദേഹവുമായി മറ്റൊരു സംഘവും. ആനയെ വെടിവച്ചു കൊല്ലണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്ഥലത്തെത്തിയ കലക്‌ടറെയും പ്രതിഷേധക്കാർ തടഞ്ഞു.

ഇന്നു രാവിലെയാണു കാട്ടാനയുടെ ആക്രമണത്തിൽ ട്രാക്ടർ ഡ്രൈവറായ പനച്ചിയിൽ അജി (42) കൊല്ലപ്പെട്ടത്. മതിൽ പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന എത്തിയത്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്. 

കാട്ടാന ജനവാസമേഖലയില്‍ തന്നെ തുടരുന്നതിനാല്‍ മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുവ, കുറുക്കന്മൂല, പയ്യമ്പള്ളി, കാടന്‍കൊല്ലി ഡിവിഷനുകളിലാണു ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്. നേരത്തെ തണ്ണീര്‍ക്കൊമ്പന്‍ നഗരത്തിലിറങ്ങിയപ്പോഴും മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K