13 February, 2024 08:25:38 PM


പരിണയം-ഒന്ന് പദ്ധതി: ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായം



പാലക്കാട്: ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായം നല്‍കുന്ന സമൂഹ്യനീതി വകുപ്പിന്റെ പദ്ധതിയാണ് പരിണയം. ഗുണഭോക്താക്കള്‍ക്ക് ഒറ്റത്തവണ ധനസഹായമായി 30,000 രൂപ വിതരണം ചെയ്യുന്നു.

അര്‍ഹത മാനദണ്ഡം

അപേക്ഷകരായ ഭിന്നശേഷിയുള്ള വ്യക്തിയുടെയും കുടുംബത്തിന്റെയും എല്ലാ ഇനത്തിലും കൂടിയുള്ള മൊത്തവരുമാനം 1,00,000/-ത്തില്‍ കൂടരുത്. രണ്ട് പെണ്‍മക്കളുടെ വിവാഹത്തിന് ധനസഹായ അപേക്ഷ നല്‍കാം. ആദ്യത്തെ ധനസഹായം അനുവദിച്ച് കഴിഞ്ഞ് ചുരുങ്ങിയത് മൂന്ന് വര്‍ഷത്തിന് ശേഷം മാത്രമേ രണ്ടാമത്തെ ധനസഹായത്തിന് അപേക്ഷിക്കാനാകൂ. മൂന്ന് വര്‍ഷം ഇളവ് ചെയ്യുന്നതിനുള്ള അധികാരം സാമൂഹ്യക്ഷേമ ഡയറക്ടറിയില്‍ നിക്ഷിപ്തമായിരിക്കും. ധനസഹായത്തിന് അപേക്ഷിക്കുന്ന ദിവസം പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. ഈ നിബന്ധനകള്‍ അനുസരിച്ചുള്ള സഹായധനം ഒരിക്കല്‍ ലഭിച്ചു കഴിഞ്ഞതിനു ശേഷം ഏതെങ്കിലും കാരണവശാല്‍ നിലവിലുള്ള നിയമപ്രകാരം വിവാഹബന്ധം വേര്‍പെടുത്തേണ്ടി വരുകയും അതേ പെണ്‍കുട്ടിക്ക് രണ്ടാമത് വിവാഹം കഴിക്കേണ്ടി വരികയും ആണെങ്കില്‍ അതിനും സഹായധനം നല്‍കും.

അങ്ങനെ വരുമ്പോള്‍ മുന്‍ഭര്‍ത്താവില്‍ നിന്നും ലഭിക്കുന്ന കോമ്പന്‍സേഷനോ സംരക്ഷണച്ചെലവോ കൂടി കണക്കിലെടുത്തുകൊണ്ടാവണം കുടുംബവാര്‍ഷിക വരുമാനം കണക്കാക്കേണ്ടത്. അപേക്ഷകനായ ഭിന്നശേഷിക്കാരന്‍ പെണ്‍മക്കളുടെ വിവാഹത്തിന് മുമ്പേ മരിച്ചുപോകുകയാണെങ്കില്‍ ആ കുടുംബത്തിലെ മൂത്ത അംഗത്തിനോ വിവാഹം നടത്തിക്കേണ്ട ചുമതലയുള്ള കുടുംബത്തിലെ മറ്റ് ഏതെങ്കിലും അംഗത്തിനോ ധനസഹായം ഈടിനമേല്‍ നല്‍കും. കുടുംബത്തില്‍ മറ്റ് അംഗങ്ങള്‍ ആരും തന്നെ ഇല്ലാത്തപക്ഷം വിവാഹം നടത്തികൊടുക്കുന്നതിന് മുമ്പോട്ട് വരുന്നവര്‍ക്ക് തക്കതായ ഈടിന്മേല്‍ സഹായധനം നല്‍കും. ഇത് സംബന്ധിച്ച് വിവാഹിതയാകേണ്ട പെണ്‍കുട്ടിയുടെ സമ്മതപത്രം കൂടി ആവശ്യമാണ്.

അപേക്ഷകനായ ഭിന്നശേഷിക്കാരന്‍ തന്റെ മകളുടെ വിവാഹത്തിന് ശേഷം എന്നാല്‍ ധനസഹായം ലഭിക്കുന്നതിന് മുമ്പ് മരിക്കുകയാണെങ്കില്‍ കുടുംബത്തിലെ മൂത്ത അംഗത്തിനോ വിവാഹം നടത്തികൊടുത്ത അംഗത്തിനോ വ്യക്തിക്കോ തക്കതായ ഈടിന്മേല്‍ ധനസഹായം നല്‍കും. അത്തരം സന്ദര്‍ഭങ്ങളില്‍ മേല്‍ പറഞ്ഞ കുടുംബാംഗം/വ്യക്തി ധനസഹായം വാങ്ങുന്നതിന് ഉത്തരവാദിത്തപ്പെട്ട ആളാണെന്ന് വികലാംഗന്റെ മകളും വിവാഹിതയായ സ്ത്രീയും സാക്ഷ്യപത്രം നല്‍കണം.

അപേക്ഷിക്കേണ്ട വിധം

പദ്ധതി പ്രകാരമുള്ള ധനസഹായം ആവശ്യമുള്ള ഭിന്നശേഷിക്കാര്‍ ഈ നിബന്ധനകള്‍ക്ക് അനുബന്ധമായി ചേര്‍ത്തിരിക്കുന്ന അപേക്ഷ ഫോറത്തില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. വിവാഹത്തിന് നിശ്ചയിച്ചിട്ടുള്ള തീയതിക്ക് ഏറ്റവും കുറഞ്ഞത് ഒരു മാസം മുമ്പ് എങ്കിലും അപേക്ഷ നല്‍കണം. എന്നാല്‍ വധു മുസ്ലീം സമുദായ അംഗം ആണെങ്കില്‍ നിക്കാഹ് എന്ന മതാചാരമുള്ള ചടങ്ങിന് ശേഷം നടക്കുന്ന കല്യാണത്തിന്റ തീയതിയാണ് അപേക്ഷയുടെ കാലാവധി നിശ്ചയിക്കുന്നതിന് കണക്കാക്കുക. അപേക്ഷകള്‍ സുനീതി പോര്‍ട്ടല്‍ suneethi.sjd.kerala.gov.in ല്‍ ഓണ്‍ലൈനായി നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലുളള സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2505791


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K