15 February, 2024 11:59:06 AM


കേന്ദ്ര സർക്കാരിന് തിരിച്ചടി; ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി; ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി



ന്യൂഡൽഹി: ഇലക്‌ടറൽ ബോണ്ട് കേസിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. ഇലക്‌ടറൽ ബോണ്ട് അസാധുവാക്കിക്കൊണ്ട് നിർണായക വിധിയുമായി സുപ്രീംകോടതി. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിൽ ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. 

രാഷട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിന്‍റെ വിശദാംശങ്ങളറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 5 അംഗ ബെഞ്ച് വിധിച്ചു. വിവരങ്ങളറിയിക്കാൻ എസ്ബിഐക്ക് കോടതി നിർദേശം നൽകി. അംഗീകൃത ബാങ്കിൽനിന്ന് തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപ്പാർട്ടികൾക്ക് സംഭാവനയായി നൽകാമെന്നതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. ലഭിക്കുന്ന ബോണ്ടുകൾ 15 ദിവസത്തിനകം പാർട്ടിക്ക് പണമാക്കി മാറ്റാം.

ബോണ്ടുകൾവഴി സംഭാവന നൽകുന്നവർ ആരെന്ന് സ്വീകരിക്കുന്ന രാഷ്ട്രീയപ്പാർട്ടിക്ക് അറിയാനാകും. അതേസമയം, മറ്റു പാർട്ടികൾക്ക് അറിയാനാവില്ല. ഈ രഹസ്യാത്മകതയാണ് ദാതാക്കൾ ഉദ്ദേശിക്കുന്നതെന്നും പ്രായോഗികത കണക്കിലെടുത്താണ് പദ്ധതി ആവിഷ്കരിച്ചതെന്നും കേന്ദ്രം വാദിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾ സുപ്രീംകോടതി തള്ളിക്കളയുകയായിരുന്നു. 2018 മുതലാണ് ബോണ്ടുകൾ നൽകിത്തുടങ്ങിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K