15 February, 2024 12:52:52 PM


കോട്ടയം മാണി-ജോസഫ് ഗ്രൂപ്പുകളുടെ ബലപരീക്ഷണത്തിനു വേദിയാകുന്നു



കോട്ടയം: കേരള കോണ്‍ഗ്രസിന്റെ വേരുകൾ ആഴ്ന്നിറങ്ങിയ കോട്ടയത്തിന്‍റെ മണ്ണില്‍ ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മാണി-ജോസഫ് ഗ്രൂപ്പുകളുടെ ബലപരീക്ഷണത്തിനു വേദിയാകുന്നു.


സിറ്റിംഗ് എംപി തോമസ് ചാഴികാടന്‍ എൽ ഡി എഫ് സ്ഥാനാര്‍ഥിയായി രംഗത്തെത്തിക്കഴിഞ്ഞു. യുഡിഎഫിന്റെ സ്ഥാനാര്‍ഥിയാകുക കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ കെ. ഫ്രാന്‍സിസ് ജോര്‍ജും. കേരള കോണ്‍ഗ്രസില്‍ നിന്നുള്ള വര്‍ക്കി ജോര്‍ജും സ്‌കറിയ തോമസും ജോസ് കെ. മാണിയും തോമസ് ചാഴികാടനും ലോക്സഭയിലെത്തിയതും കോട്ടയത്തുനിന്നാണ്.


ഏറ്റുമാനൂരില്‍ നാലു തവണ എംഎല്‍എയും രണ്ടു തോല്‍വിയും ഒരു ലോക്സഭാ വിജയവുമാണ് തോമസ് ചാഴികാടനുള്ളത്. ഇടുക്കിയില്‍നിന്ന് ലോക്‌സഭയിലേക്ക് രണ്ടു വിജയവും മൂന്നു തോല്‍വിയും നിയമസഭയിലേക്ക് രണ്ടു തോല്‍വിയുമാണ് ഫ്രാന്‍സിസ് ജോര്‍ജിനുള്ളത്.


കോണ്‍ഗ്രസിന്‍റെ അമരക്കാരനായ ഉമ്മന്‍ ചാണ്ടിയില്ലാത്ത ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പാണിത്. എന്‍ഡിഎയില്‍ സീറ്റ് ബിജെപിക്കോ ബിഡിജെഎസിനോ എന്നതില്‍ തീരുമാനമായിട്ടില്ല. തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത തള്ളിക്കളയുന്നുമില്ല. 


കടുത്തുരുത്തി ഉള്‍പ്പെടെ പ്രവാസികള്‍ ഏറെയുള്ള പ്രദേശം. യുവവോട്ടര്‍മാരില്‍ വലിയൊരു സമൂഹം വിദേശത്തേക്ക് കുടയേറിക്കൊണ്ടിരിക്കുന്നുവെന്നതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തരംഗത്തിലും കോട്ടയം യുഡിഎഫിന്‍റെ മാനം കാത്തു. 

പിറവം, കടുത്തുരുത്തി, പാലാ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പവും ഏറ്റുമാനൂരും വൈക്കവും ഇടതിനൊപ്പവും നിലകൊണ്ടു.


തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ജെ. ജോസഫും കെ.സി. ജോസഫും മോന്‍സ് ജോസഫും ജോയി ഏബ്രഹാമും യുഡിഎഫിനെ നയിക്കും. വി.എന്‍. വാസവനും ജോസ് കെ. മാണിയും സി.കെ. ആശയും ഉള്‍പ്പെടുന്ന നിര ഇടതിന് കരുത്തു പകരും. ദേശീയ, സംസ്ഥാന നേതാക്കളുടെ സാന്നിധ്യം എല്ലാ തെരഞ്ഞെടുപ്പിലും കോട്ടയത്തുണ്ടാകും. 


2019ല്‍ 1.7 ലക്ഷം വോട്ടുകളുടെ മുന്‍തൂക്കത്തിലാണ് അന്ന് യുഡിഎഫിലായിരുന്ന തോമസ് ചാഴികാടന്‍ വി.എന്‍. വാസവനെ പരാജയപ്പെടുത്തിയത്. എന്നാലിന്ന് ചാഴികാടന്‍ തങ്ങളുടെ പാളയത്തിലാണ് എന്നതുകൊണ്ടുതന്നെ ഇടതുമുന്നണി ഒരു സീറ്റ് ഉറപ്പിച്ചിരിക്കുകയാണ്.


കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം. ജോര്‍ജിന്‍റെ മകനായ ഫ്രാന്‍സിസ് ജോര്‍ജ് കേരള കോണ്‍ഗ്രസ് ജോസഫിലും ജനാധിപത്യ കേരള കോണ്‍ഗ്രസിലുമായി എല്‍ഡിഎഫിലും യുഡിഎഫിലും പ്രവര്‍ത്തിച്ച്ചിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K