16 February, 2024 09:15:47 AM
അമിത് ഷായുടെ പേരിൽ ആൾമാറാട്ടം; ഒരാൾ അറസ്റ്റിൽ
ബറേലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയി ആൾമാറാട്ടം നടത്തിയ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അമിത് ഷാ ആണെന്ന പേരിൽ മുൻ എംഎൽഎയെ നിരവധി തവണ വിളിക്കുകയും പണം നൽകിയാൽ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. രവീന്ദ്ര മൗര്യ എന്നയാളെയാണ് വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളി ഷാഹിദിനായുള്ള തിരച്ചില്‍ തുടരുകയാണ്.
കവർച്ച, വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾക്കും ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരവും പ്രതികൾക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ട്രൂകോളറിൽ 'ആഭ്യന്തര മന്ത്രാലയം ഡൽഹി, കേന്ദ്ര സർക്കാർ' എന്ന് മാറ്റിയതിന് ശേഷമായിരുന്നു എംഎൽഎയെ പ്രതികൾ വിളിച്ചത്. ഇരുവരും ചേർന്നാണ് ഇത് ചെയ്തതെന്നും ഒളിവിൽ പോയ ഷാഹിദ് നേരത്തെയും സമാനമായ കുറ്റകൃത്യത്തില്‍ ഏർപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ജനുവരി 4 മുതൽ ജനുവരി 20 വരെ ഒമ്പത് തവണ മൗര്യ മുൻ ബിജെപി എംഎൽഎ കിഷൻലാൽ രാജ്പുത്തിനെ ഫോണിൽ വിളിച്ചിരുന്നു. തന്നെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ മൗര്യ സിം തകർത്തിരുന്നു. ഇത് പിന്നീട് ഹരീഷ് എന്നയാളുടെ കീഴിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തി. കഴിഞ്ഞ വർഷം ഡിസംബർ 29 നാണ് താൻ സിം വാങ്ങിയതെന്ന് പൊലീസ് ചോദ്യം ചെയ്തപ്പോൾ ഹരീഷ് പറഞ്ഞു.