16 January, 2024 10:08:05 AM


ലോക്‌സഭ തിരഞ്ഞെടുപ്പ്: താഴെ തട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ കോണ്‍ഗ്രസ്



തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി താഴെത്തട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. ബൂത്ത് തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. സിപിഐഎം മാതൃകയില്‍ വോട്ടര്‍പട്ടിക പരിശോധിച്ച് ഉറപ്പാക്കാന്‍ കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഓരോ ബൂത്ത് കമ്മിറ്റികളിലും പ്രത്യേകം സമിതികള്‍ രൂപീകരിച്ച് പ്രാദേശികതലത്തില്‍ ചുവടുറപ്പിക്കാന്‍ ആണ് കോണ്‍ഗ്രസിന്റെ നീക്കം. ഇതിന്റെ ഭാഗമായി ബൂത്ത് തലത്തില്‍ നാലങ്ക സമിതികള്‍ക്ക് തിരഞ്ഞെടുപ്പിന്റെ ചുമതല നല്‍കി. വോട്ടര്‍പട്ടിക പരിശോധിച്ച് ഉറപ്പുവരുത്താനും ബൂത്ത് തലത്തില്‍ കുടുംബയോഗങ്ങള്‍ ഉള്‍പ്പെടെ വിളിച്ച് പ്രാദേശിക തലത്തില്‍ തിരഞ്ഞെടുപ്പ് ഏകോപിപ്പിക്കേണ്ട പൂര്‍ണ്ണ ചുമതല ഈ സമിതികള്‍ക്കായിരിക്കും.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള വാര്‍ റൂമുകളുടെ പ്രവര്‍ത്തനം ഇന്നുമുതല്‍ ആരംഭിക്കാനാണ് കെപിസിസി നിര്‍ദേശം. വരും ദിവസങ്ങളില്‍ ബൂത്ത് തല ഭാരവാഹികള്‍ക്കായി ബ്ലോക്ക് തലത്തില്‍ പ്രത്യേക പരിശീലന പരിപാടികള്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവിന്റെ ജില്ലാപരിടനം പൂര്‍ത്തിയായ ശേഷം ഇതുവരെയുള്ള തിരഞ്ഞെടുപ്പുരുക്കങ്ങള്‍ കെപിസിസി വിലയിരുത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K