21 January, 2024 08:38:08 PM
അയോധ്യയില്‍ അഞ്ഞൂറോളം ബയോടോയ്‌ലറ്റുകള്‍ സ്ഥാപിച്ചത് ഏറ്റുമാനൂരില്‍ നിന്നുള്ള കമ്പനി
കോട്ടയം: രാമക്ഷേത്ര പ്രാണ പ്രതിഷ്ഠക്കായി അയോധ്യയിലെത്തുന്ന ആയിരകണക്കിന് ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങളില്‍ 'ഏറ്റുമാനൂര്‍ ടച്ചും'. സരയൂ നദീതീരത്ത് സ്ഥാപിച്ചിരിക്കുന്ന 510 ബയോടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു നല്‍കിയത് ഏറ്റുമാനൂര്‍ ആസ്ഥാനമായ ഇന്ത്യന്‍ സെന്‍ട്രിഫ്യൂജ് എന്‍ജിനീയറിംഗ് സൊലുഷന്‍സ് (ഐസിഎഫ്) എന്ന സ്ഥാപനം. സ്വച്ഛ് ഭാരത് മിഷന്‍റെ കീഴില്‍ വരുന്ന കരാര്‍ ഏറ്റെടുത്താണ് ശംഭുനാഥ് ശശികുമാര്‍ മാനേജിംഗ് ഡയറക്ടര്‍ ആയുള്ള കമ്പനി അയോധ്യയില്‍ ബയോടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു നല്‍കിയത്.
24 മണിക്കൂര്‍ മേല്‍നോട്ടവും അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള മെയിന്‍റനന്‍സുമുള്‍പ്പെടെയുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തുകൊണ്ട് 510 ശുചിമുറികളും 60 ദിവസത്തിനുള്ളിലാണ് സ്ഥാപിച്ചു നല്‍കിയത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഇടങ്ങളില്‍ ട്രീറ്റ്‌മെന്‍റ് സിസ്റ്റങ്ങള്‍, കെമിക്കല്‍ ടോയ്‌ലറ്റുകള്‍, ഹാന്‍ഡ് വാഷ് സ്‌റ്റേഷനുകള്‍, വെള്ളം ആവശ്യമില്ലാത്ത യൂറിനല്‍സ്, ഷവര്‍ ക്യാബിനുകള്‍ എന്നിവയും നിര്‍മിക്കുന്ന ഏറ്റുമാനൂരിലെ സിഡ്‌കോ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ നിന്നുള്ള പ്രധാന ഉല്‍പ്പന്നം ബയോടോയ്‌ലറ്റുകള്‍ തന്നെ.
പ്രതിമാസം 300 ബയോടോയ്‌ലറ്റുകള്‍ നിര്‍മിക്കാന്‍ ഈ പ്ലാന്‍റിന് ശേഷിയുണ്ട്. 2013 മുതല്‍ ശബരിമലയിലെ സാനിറ്റേഷന്‍ ആവശ്യങ്ങള്‍ക്കും കമ്പനി ഉല്‍പ്പന്നങ്ങളെത്തിക്കുന്നു. ഏറ്റുമാനൂര്‍ പ്ലാന്റിനു പിന്നാലെ 2022ല്‍ മഹാരാഷ്ട്രയിലെ കോലോപ്പൂരിലും പ്ലാന്‍റ് തുറന്നു. കേരളത്തിനു പുറമെ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളാണത്രേ കമ്പനിയുടെ മറ്റ് പ്രധാന വിപണികള്‍.