28 January, 2024 12:02:49 PM
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു
പറ്റ്ന: പതിനെട്ടു മാസം നീണ്ട ആർജെഡി, കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ രാജി സമർപ്പിച്ചു. ഇന്നു വൈകിട്ട് തന്നെ പുതിയ മന്ത്രിസഭ അധികാരത്തിലേറിയേക്കും. ജെഡിയു നിയമസഭാ കക്ഷി യോഗം പൂർത്തിയായ ഉടനെ രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വി. ആർലേക്കറിനെ നേരിട്ട് കണ്ടാണ് നിതീഷ് രാജി നൽകിയത്.
മന്ത്രിമാരായ സഞ്ജയ് ഝാ, വിജേന്ദ്ര യാദവ് എന്നിവരും നിതീഷിനെ അനുഗമിച്ചിരുന്നു. ഞാൻ രാജി സമർപ്പിച്ചു. സംസ്ഥാന സർക്കാരിനെ പിരിച്ചു വിടാനും ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് നിതീഷ് കുമാർ രാജി സമർപ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. രാജി സമർപ്പിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷിനെ വിളിച്ച് അഭിനന്ദനം അറിയിച്ചു.
ബിജെപിയും ജെഡിയുവും ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിലും ധാരണയായെന്നാണ് റിപ്പോർട്ടുകൾ. ബിഹാറിലെ മുഴുവൻ ബിജെപി എംഎൽഎമാരും പുതിയ സർക്കാർ രൂപീകരിക്കാൻ നിതീഷിനെ പിന്തുണയ്ക്കുന്ന കത്തിൽ ഒപ്പുവച്ചിട്ടുണ്ട്.
2022 ഓഗസ്റ്റിലാണ് ബിജെപിയോടു പിണങ്ങി നിതീഷ് ആർജെഡിക്കൊപ്പം ചേർന്നത്. പ്രതിപക്ഷ സഖ്യമായ "ഇന്ത്യ'യിൽ കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്ന തോന്നലിലാണു നിതീഷിന്റെ മടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി നേരിട്ടാണ് അദ്ദേഹം സഖ്യകാര്യങ്ങൾ ചർച്ച ചെയ്യുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിന് കനത്ത തിരിച്ചടിയാണു നിതീഷിന്റെ ചുവടുമാറ്റം.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിലെത്താനിരിക്കെയാണു പ്രധാന ഘടകകക്ഷികളിലൊന്ന് കളംമാറ്റുന്നത്. നിലവിലുള്ള മന്ത്രിസഭയിലെ ആർജെഡി മന്ത്രിമാർക്കു പകരം ബിജെപി എംഎൽഎമാരെ നിയോഗിക്കും. 2025ലാണു ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്. ഇതിനുശേഷം കേന്ദ്രത്തിൽ നിതീഷിന് സുപ്രധാന ചുമതല നൽകാനും ധാരണയുണ്ട്.
2013ൽ എൻഡിഎ വിട്ട നിതീഷ് 2017ൽ മടങ്ങിയെത്തിയിരുന്നു. 2022ൽ വീണ്ടും എൻഡിഎ വിട്ടു. കഴിഞ്ഞ 13ലെ "ഇന്ത്യ' യോഗത്തിൽ കൺവീനറായി സിപിഎം നേതാവ് സീതാറാം യെച്ചൂരി നിതീഷിന്റെ പേര് നിർദേശിച്ചിരുന്നു. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവുൾപ്പെടെ ഭൂരിപക്ഷം നേതാക്കളും ഇതിനോട് യോജിച്ചു.
എന്നാൽ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് എതിർപ്പുണ്ടെന്നും തത്കാലം തീരുമാനം വേണ്ടെന്നും രാഹുൽ ഗാന്ധി അറിയിച്ചു. ഇതോടെയാണ് നിതീഷ് പ്രതിപക്ഷ സഖ്യത്തിൽ നിന്ന് അകന്നതെന്നാണ് കരുതുന്നത്.