29 January, 2024 10:16:34 AM
മാത്യു കുഴല്‍നാടന്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് ഭൂമി വിറ്റ കൊല്ലം സ്വദേശി പീറ്റര്‍ ഓസ്റ്റിന്‍
കൊല്ലം : മാത്യു കുഴല്‍നാടന്‍ എം എല്‍ എ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് ചിന്നക്കനാലിലെ റിസോര്‍ട്ടും ഭൂമിയും എം എല്‍ എയ്ക്ക് വിറ്റ കൊല്ലം ശക്തികുളങ്ങര സ്വദേശി പീറ്റര്‍ ഓസ്റ്റിന്‍. എം എല്‍ എയ്ക്ക് കൈമാറിയ ഭൂമിയില്‍ വിവാദമായ 50 സെന്റില്ല. കെട്ടിട നമ്ബര്‍ ഇല്ലാത്തതുകൊണ്ടാണ് 1000 ചതുരശ്ര അടിയുടെ കെട്ടിടം രേഖകളില്‍ കാണിക്കാതിരുന്നതെന്നും പീറ്റര്‍ ഓസ്റ്റിന്‍ പറഞ്ഞു.
മാത്യു കുഴല്‍നാടന്‍ ഭൂമി കയ്യേറുകയോ മതില്‍ കെട്ടുകയോ ചെയ്തിട്ടില്ലെന്നും വാര്‍ത്ത വന്നപ്പോഴാണ് ഇക്കാര്യം ശ്രദ്ധിക്കുന്നതെന്നും മാത്യു റീറ്റെയ്‌നിങ് വാള്‍ കെട്ടുക മാത്രമാണ് ചെയ്തതെന്നും പീറ്റര്‍ ഓസ്റ്റിന്‍ പറയുന്നു. പീറ്ററിന്റെ ഭാര്യയുടെ അമ്മയുടെ പേരിലുള്ള 4000 ചതുരശ്ര അടിയുള്ള റിസോര്‍ട്ടും അച്ഛന്റെ പേരിലുണ്ടായിരുന്ന സ്ഥലവും കെട്ടിടങ്ങളുമാണ് 2021 ല്‍ മാത്യു കുഴല്‍നാടന് വിറ്റത്. ന്യായവിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്കായിരുന്നു ഒരു ഏക്കര്‍ 20 സെന്റ് ഭൂമി ഉള്‍പ്പെടെ വിറ്റത്.
മാത്യു കുഴല്‍നാടന്റെ ദീര്‍ഘകാലമായുള്ള സുഹൃത്താണ് പീറ്റര്‍. പരാതിയില്‍ രണ്ടു തവണയാണ് പീറ്ററിനേയും ഭാര്യയുടെ അമ്മ ജെന്നിഫറിനേയും വിജിലന്‍സ് ചോദ്യം ചെയ്തത്. ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് സ്ഥലം അളക്കുക കൂടി ചെയ്യാതെ രജിസ്‌ട്രേഷന്‍ നടത്തിയതെന്നും കപ്പിത്താന്‍സ് ഗ്രൂപ്പ് ഡയറക്ടറുമായ പീറ്റര്‍ ഓസ്റ്റിന്‍ പറയുന്നു.