31 January, 2024 11:06:55 AM


പഴനി ക്ഷേത്രത്തിൽ പ്രവേശനം ഹിന്ദുക്കൾക്ക് മാത്രം- മദ്രാസ് ഹൈക്കോടതി



ചെന്നൈ: പഴനി ക്ഷേത്രത്തിനുള്ളിലേക്കുള്ള പ്രവേശനം വിശ്വാസികൾക്ക് മാത്രമായിരിക്കണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ക്ഷേത്രത്തിന്‍റെ പ്രവേശന കവാടത്തിൽ സ്ഥിതി ചെയ്യുന്ന കൊടിമരത്തിനപ്പുറം അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിനോട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദേശം നൽകി.

പഴനി ക്ഷേത്രം ഒരു വിനോദസഞ്ചാരകേന്ദ്രമല്ലെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി. ക്ഷേത്രങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 15ന്‍റെ പരിധിയിൽ വരുന്നില്ലെന്ന് ഉത്തരവ് ഊന്നിപ്പറഞ്ഞു. അതിനാൽ അഹിന്ദുക്കൾക്കുള്ള പ്രവേശന നിയന്ത്രണം അനുചിതമാണെന്ന് പറയാനാവില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് ക്ഷേത്രം പരിപാലിക്കണമെന്നും കോടതി അധികൃതർക്ക് നിർദ്ദേശം നൽകി.

അരുൾമിഗു പഴനി ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തിലും അതിലെ ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കളെ മാത്രം പ്രവേശിപ്പിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് പഴനി ക്ഷേത്രത്തിലെ ഭക്തരുടെ സംഘടനാ നേതാവായ ഡി സെന്തിൽകുമാർ എന്നയാൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് എസ് ശ്രീമതി വിധി പ്രസ്താവിച്ചത്.

പഴനി ക്ഷേത്രത്തിലെ എല്ലാ പ്രവേശന കവാടങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡുകൾ സ്ഥാപിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ദിണ്ടിഗൽ ജില്ലയിലെ പഴനിയിലാണ് പ്രസിദ്ധമായ മുരുകൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K